

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ വ്യത്യസ്ത ആഘോഷവുമായി ഇന്ത്യൻ താരം ധ്രുവ് ജുറെൽ. തന്റെ കൈയിലെ 'ജയ് ജവാൻ, ജയ് കിസാൻ' എന്ന ടാറ്റൂ കാണിച്ചാണ് താരം ആഘോഷിച്ചത്.
ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച ഹവിൽദാറായ അച്ഛൻ നേം ചന്ദിനുവേണ്ടിയായിരുന്നു ധ്രുവ് ജുറെലിന്റെ ഈ ആഘോഷം.
ഇതിന് മുമ്പും കളിക്കളത്തിലെ തന്റെ നേട്ടങ്ങൾ അച്ഛന് തന്നെയാണ് ധ്രുവ് സമർപ്പിച്ചത്.
മത്സരത്തിൽ അർധ സെഞ്ച്വറിയിലെത്തിയപ്പോൾ സല്യൂട്ടോടെ ആയിരുന്നു ആഘോഷം.
അച്ഛന് വേണ്ടിയായിരുന്നു ആ സല്യൂട്ടും. 2024-ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ഇതേ സല്യൂട്ടുണ്ടായിരുന്നു. തനിക്കൊരു സല്യൂട്ട് കാണിക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നുവെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും അന്ന് ജുറെൽ വെളിപ്പെടുത്തിയിരുന്നു.
മത്സരത്തിൽ 177 പന്തിൽ 115 റൺസുമായി താരം പുറത്താകാതെ നിന്നു. ജുറെലിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്. ഇതിന് മുമ്പ് അഹമ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരെ 125 റൺസ് അടിച്ചിരുന്നു.
content highlights: dhruv jurel jai jawan jai kisan tattoo century celebration india vs-sri lanka