

കൊച്ചി: സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൻ്റെ എഡിറ്റോറിയൽ പേജിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനം. സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരിയാണ് പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയൻ്റെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമ്മികത ഇല്ലായ്മയുമായി മാത്രമേ കാണാൻ കഴിയൂ എന്നാണ് സത്യൻ മൊകേരിയുടെ വിമർശനം.
'ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താൻ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല' എന്ന രൂക്ഷവിമർശനമാണ് പിണറായി വിജയനെ ലക്ഷ്യംവെച്ച് സത്യൻ മൊകേരി നടത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൽഡിഎഫിൻ്റെ കൂട്ടായ പ്രവർത്തനത്തിന് സിപിഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപി ഐയുടെ നിർദേശം വിവിധ തലങ്ങളിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയതെന്നും സത്യൻ മൊകേരി കുറ്റപ്പെടുത്തുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. സിപിഐ-സിപിഐ(എം) ചർച്ചകൾ നടന്നുവരികയാണ്. രണ്ട് പാർട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. സിപിഐ(എം)-സിപിഐ ചർച്ചകളിൽ ഒന്നും തന്നെ പ്രതിപക്ഷ നേതാവ് കത്ത് കൊടുക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. കത്ത് കൊടുക്കുമെന്ന് പറയാൻ പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ പ്രേരിപ്പിച്ചത് എന്താണ്? പ്രേരണ ഇടതുപക്ഷ രാഷ്ട്രീയം അല്ല എന്ന് വ്യക്തമാണ് എന്ന വിമർശനവും സത്യൻ മൊകേരി ഉയർത്തുന്നുണ്ട്.
തർക്കങ്ങൾ എൽഡിഎഫിൻ്റെ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്ന ധാരണയിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകൾ പ്രഖ്യാപിക്കുന്നത് എൽ ഡിഎഫിനെ ശക്തിപ്പെടുത്താനാണോ എന്ന ചോദ്യവും സത്യൻ മെകേരി ഉയർത്തുന്നുണ്ട്. എൽഡിഎഫിനെ ദുർബലപ്പെടുത്താൻ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എൽഡിഎഫ് എന്താണ്? മുന്നണി ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാർമ്മികതയും എന്താണ്? എന്നീ ചോദ്യങ്ങളും സത്യൻ മൊകേരി ഉന്നയിക്കുന്നുണ്ട്. 'ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ യോജിച്ച പ്രവർത്തനങ്ങളുടെ പ്രാധാന്യം അനിവാര്യമാണ്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത ആവശ്യവുമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കരുത്. അത്തരം സമീപനങ്ങൾ ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാർമ്മികതയെ ദുർബലപ്പെടുത്തും. കേരള രാഷ്ട്രീയ ത്തിൽ ശക്തമായി ഇടപെടാൻ ശ്രമിക്കുന്ന ബി ജെപി-സംഘപരിവാ സംഘടനകൾക്കാണ് അത്തരം സമീപനങ്ങൾ സഹായകരമാകുകയെന്നും' സത്യൻ മൊകേരി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഐക്യമുന്നണി രാഷ്ട്രീയത്തിൻ്റെ പ്രാധാന്യം മുന്നണികളിലെ പാർട്ടികളോട് എങ്ങനെ സമീപിക്കണം എന്നതിലെല്ലാം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും സത്യൻ മൊകേരി ചൂണ്ടിക്കാണിക്കുന്നുണ്ട്. 'കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിൻ്റെ ജനറൽ സെക്രട്ടറിയും മഹാനായ ലോക കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന ജോർജ് ദിമിത്രോവ് 1935ൽ മുന്നോട്ടുവച്ചതാണ് മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നണി രാഷ്ട്രീയത്തിലൂടെ ഏറെ നേട്ടങ്ങൾ കൈവരിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ വിജയം വരിച്ചത് മുന്നണി രാഷ്ട്രീയത്തിലൂടെയാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഏറെയാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ഏറെ അനുഭവമുള്ള സംസ്ഥാനമാണ് കേരളം. ദിമിത്രോവ് ആവർത്തിച്ച് പറഞ്ഞത് "മുന്നണി യജമാനൻ-ഭൃത്യൻ തമ്മിലുള്ള ബന്ധമല്ല. പാർട്ടികൾ തമ്മിൽ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലർത്തേണ്ടത്. തുല്യപങ്കാളിത്തവും പരസ്പര ബഹുമാനവും ഉണ്ടാകണം. എല്ലാം നിയന്ത്രിക്കാൻ ശ്രമിക്കരുത്. മുന്നണിയിലെ മറ്റ് പാർട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണം. തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേല്പിക്കാതെ ചർച്ചകളിലൂടെയും ധാരണകളിലൂടെയും എടുക്കണം" ദിമിത്രോവിനെ ഉദ്ധരിച്ച് സത്യൻ മൊകേരി ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാർ മുന്നണി രാഷ്ട്രീയത്തിൽ ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടി വരുന്നത് ഖേദകരമാണ് എന്നും സത്യൻ മോകേരി കുറ്റപ്പെടുത്തുന്നുണ്ട്.
Content Highlights: Janayugom, the official mouthpiece of the Communist Party of India (CPI), has strongly criticised opposition leader Pinarayi Vijayan in an editorial published on its editorial page. The criticism has sparked political discussions in Kerala.