

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐ- സിപിഐഎം പോര് രൂക്ഷമാകുന്നു. സിപിഐഎമ്മിനെതിരെ തുറന്ന പോരുമായി സിപിഐ പോഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുകയെന്നതല്ല നിലപാടാണ് എന്നും സിപിഐയുടെ രാഷ്ട്രീയമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷ ഐക്യത്തിനു വേണ്ടി മുഖ്യമന്ത്രിപദം പോലും വിട്ടുകൊടുത്ത രാഷ്ട്രീയമാണ് സിപിഐയുടേത്. വി ശിവന്‍കുട്ടി ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് നല്ലതാണെന്നും വിമര്‍ശനമുണ്ട്. രാഷ്ട്രീയം ഓര്‍മ്മയുടെ സൗകര്യമനുസരിച്ച് മാത്രം വായിച്ചാല്‍ മതിയാകില്ല. താല്പര്യമുള്ളത് മാത്രം വായിച്ച് നിലപാടെടുത്താല്‍ ചരിത്രം തന്നെ തിരിച്ചു വന്ന് മറുപടി പറയുമെന്നും ജിസ്‌മോന്‍ മറുപടി നല്‍കുന്നു.
സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി ജയകൃഷ്ണന്‍ ഒ കെയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.
'ചാവേറുകൾ സ്വയംസമർപ്പയാമി. താങ്കളുടെ സ്വന്തം അമ്മാവൻ(ഭാര്യയുടെ) മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ചതെന്തിനെന്ന് ഒന്ന് ചോദിച്ച് നാളെ വീണ്ടും സഖാവ് പത്രക്കാരെ കാണണേ. ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കിയ PMShri പിന്നാമ്പുറം പറയിപ്പിക്കല്ലേ.ലേഖനമിനിയും വരും. ഇടതുപക്ഷമനസ്സുള്ള സ്വന്തംപാർടിക്കാരെപ്പോലും കുഴലൂത്തിന് കിട്ടില്ല. അനുചരരെ ഒരുക്കിക്കോളൂ', എന്നാണ് ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ടി ടി ജിസ്‌മോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇടതുപക്ഷ ഐക്യത്തിന് വേണ്ടി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാന്‍ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐയുടേത്. അതുകൊണ്ടുതന്നെ, സ്ഥാനമാനങ്ങള്‍ക്കപ്പുറം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന നിലപാട് സിപിഐക്കില്ലെന്ന് പറയുമ്പോള്‍, ബഹുമാനപ്പെട്ട സഖാവ് വി. ശിവന്‍കുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.
സ്ഥാനമാനങ്ങളോടുള്ള സിപിഐയുടെ 'അമിതമായ താല്‍പര്യം' ചൂണ്ടിക്കാട്ടുന്ന ശിവന്‍കുട്ടി സ്വന്തം രാഷ്ട്രീയ ചരിത്രത്തിലെ ചില അധ്യായങ്ങള്‍ കൂടി പൊടിതട്ടിയെടുക്കുന്നത് ഉപകാരപ്പെടും. കേന്ദ്രത്തില്‍ അധികാരത്തില്‍ പങ്കാളിയായതും സംസ്ഥാനത്ത് കോണ്‍ഗ്രസിനൊപ്പം ഭരണത്തില്‍ ഇരുന്നതുമൊക്കെ ചൂണ്ടിക്കാട്ടി സിപിഐക്ക് ആദര്‍ശമില്ലെന്ന് പറയുമ്പോള്‍, രാഷ്ട്രീയം ഓര്‍മ്മയുടെ സൗകര്യത്തിനനുസരിച്ച് മാത്രം വായിച്ചാല്‍ മതിയാകില്ലല്ലോ.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അധികാരത്തേക്കാള്‍ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രാധാന്യം നല്‍കിയ പാരമ്പര്യമാണ് സിപിഐയുടേത്. അതിന്റെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് സഖാവ് സി. അച്യുതമേനോന്റെ കാലഘട്ടം. 1969 നവംബര്‍ മുതല്‍ 1970 ഓഗസ്റ്റ് വരെയും 1970 ഒക്ടോബര്‍ മുതല്‍ 1977 മാര്‍ച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
കേരള ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും സിപിഐ നേതാവ് സഖാവ് സി. അച്യുതമേനോനായിരുന്നു. ഭരണപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമാകുന്ന പതിവിനെ മറികടന്ന അപൂര്‍വമായ ചരിത്രത്തിനും അദ്ദേഹം സാക്ഷിയായി. അന്നൊന്നും സിപിഐ, സിപിഎമ്മിന്റെ കൂടെയായിരുന്നില്ല.
പിന്നീട് സഖാവ് പി. കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍, വിശാലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെടേണ്ട സാഹചര്യം വന്നപ്പോള്‍, അധികാരത്തിന്റെ കണക്കുപുസ്തകം തുറന്നുവെക്കാതെ മുഖ്യമന്ത്രി പദം കൈവശം വെക്കാനുള്ള അവസരത്തേക്കാള്‍ ഇടതുപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ഐക്യത്തിനാണ് സിപിഐ മുന്‍തൂക്കം നല്‍കിയത്. പി. കെ.വി 1979 ഒക്ടോബറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും ഇടതുപക്ഷ ഐക്യത്തിനുള്ള രാഷ്ട്രീയ പുനഃസംഘടനയുടെ പശ്ചാത്തലത്തിലായിരുന്നു.
സ്വന്തം രാഷ്ട്രീയ ശക്തിക്ക് ലഭിക്കാവുന്ന അധികാര പങ്കുപോലും മാറ്റിവെച്ച് വിശാലമായ ഇടതുപക്ഷ ഐക്യത്തിന് വഴിയൊരുക്കിയ ആ സമീപനത്തെ വെറും രാഷ്ട്രീയ 'വിട്ടുവീഴ്ച'യായി ചുരുക്കാനാകില്ല. അധികാരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു അത്.
അധികാരം ലഭിക്കുമ്പോള്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അധികാരത്തേക്കാള്‍ വലിയൊരു രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വരുമ്പോള്‍ സ്വന്തം സ്ഥാനവും അവകാശവാദവും മാറ്റിവയ്ക്കാന്‍ തയ്യാറാകുന്നതിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മഹത്വം. ഇടതുപക്ഷ ഐക്യത്തിനും ജനാധിപത്യ രാഷ്ട്രീയത്തിന്റെ വിശാലമായ മുന്നേറ്റത്തിനുമായി അധികാരത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായ സിപിഐയുടെ ചരിത്രം അതുകൊണ്ടുതന്നെ രാഷ്ട്രീയ ത്യാഗത്തിന്റെ ചരിത്രം കൂടിയാണ്.
അതുകൊണ്ട് സിപിഐയെ ഭരണപങ്കാളിത്തത്തിന്റെ പേരില്‍ വിമര്‍ശിക്കുമ്പോള്‍, കണ്ണാടി വീട്ടില്‍ തന്നെയുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇന്ന് സിപിഎം ശക്തമായി വിമര്‍ശിക്കുന്ന എസ്യുസിഐയുമായി പശ്ചിമ ബംഗാളില്‍ 1967-ലും 1969-ലും യുണൈറ്റഡ് ഫ്രണ്ട് രാഷ്ട്രീയത്തില്‍ സിപിഎം പങ്കാളിയായിരുന്നില്ലേ? 1967-ലെ യുണൈറ്റഡ് ഫ്രണ്ടില്‍ സിപിഎമ്മിനൊപ്പം എസ്യുസിഐയും പങ്കാളിയായിരുന്നു; 1969-ല്‍ രൂപീകരിച്ച യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിലും സിപിഎം, സിപിഐ, എസ്യുസിഐ തുടങ്ങിയ കക്ഷികള്‍ പങ്കാളികളായിരുന്നു.
അന്ന് അത് ആദര്‍ശത്തിന്റെ പരീക്ഷണമായിരുന്നോ, അതോ അധികാരത്തിന്റെ 'സാഹചര്യപരമായ സൗകര്യം' മാത്രമായിരുന്നോ? ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായിരുന്നതും ശിവന്‍കുട്ടി മറക്കാതിരിക്കുന്നതാണ് നല്ലത്. അധികാരവുമായി ബന്ധപ്പെട്ട ഓരോ സംഭവവും മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രം ആദര്‍ശപ്രശ്‌നമാക്കി മാറ്റുന്നത് രാഷ്ട്രീയ ഓര്‍മ്മക്കുറവിന്റെ പുതിയ മാതൃകയാകാം.
സിപിഐ അധികാരത്തില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമില്ല. എന്നാല്‍ അധികാരക്കസേരയ്ക്കായി മാത്രം നിലപാടുകള്‍ മാറ്റിയ പാര്‍ട്ടിയാണ് സിപിഐ എന്ന വ്യാജചരിത്രം കെട്ടിച്ചമയ്ക്കാനുള്ള ശ്രമം വിലപ്പോവില്ല. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കരുതുന്നത് ചരിത്രത്തെയും ജനങ്ങളുടെ രാഷ്ട്രീയ ഓര്‍മ്മയെയും ഒരുപോലെ അപമാനിക്കുന്നതാണ്. ഇഷ്ടപ്പെട്ട പേജുകള്‍ മാത്രം വായിച്ച് ചരിത്രത്തെ വിലയിരുത്തിയാല്‍, ഒടുവില്‍ ചരിത്രം തന്നെ തിരിച്ചുവന്ന് മറുപടി പറയുമെന്ന കാര്യം സഖാവ് വി ശിവന്‍കുട്ടി ഓര്‍ക്കുക.
Content Highlights: CPI leaders intensified their attack on CPM’s V Sivankutty, defending the party’s history and accusing critics of distorting political facts amid growing Left front tensions