

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിന് മറുപടിയുമായി വീണ്ടും ചിന്ത ജെറോം. ഒരു തെരഞ്ഞെടുപ്പ് വിജയവും ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം പറഞ്ഞു. വയനാട് ദുരിത ബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച ഫണ്ടിന്റെ പേരിലാണ് പരിഹാസം. ജനങ്ങളുടെ കയ്യില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിരിച്ച പണം കൊണ്ട് വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കിയാല്‍ മതിയെന്നും മന്ത്രി കൂടിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏറെ വൈകിയെങ്കിലും അതിന് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചോട്ടെയെന്നും ചിന്ത ജെറോം പരിഹസിച്ചു.
'വീണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണ്…താങ്കള്‍ പറഞ്ഞ ആ 'പഴയ ബോംബ്' നിര്‍വീര്യമാക്കാന്‍ ജനങ്ങളുടെ കയ്യില്‍ നിന്നും യൂത്ത്‌കോണ്‍ഗ്രസ് പിരിച്ച പണം കൊണ്ട് വയനാടിലെ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കിയാല്‍ മാത്രം മതി. മന്ത്രി കൂടിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏറെ വൈകിയെങ്കിലും അതിന് നേതൃത്വം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചോട്ടേ… പിന്നെ,ഒരു തിരഞ്ഞെടുപ്പ് വിജയവും ചെയ്ത തിന്മകളെ സാധൂകരിക്കുന്നില്ല', എന്നാണ് ചിന്ത ജെറോം ഫേസ്ബുക്കില്‍ കുറിച്ചത്.
ചിന്താ ജെറോം ഡിവൈഎഫ്‌ഐ വനിതാ പ്രസിഡന്റ് ആയതിനെ പരിഹസിക്കുന്ന ഒ ജെ ജനീഷിന്റെ പ്രതികരണം വിവാദമായിരുന്നു. ഡിവൈഎഫ്‌ഐക്ക് അധ്യക്ഷ വരുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അധ്യക്ഷ തെരുവിലൂടെ നാട്ടുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ മുദ്രാവാക്യം വിളിക്കാതെ ശ്രദ്ധിക്കണം എന്നുമായിരുന്നു ജനീഷിന്റെ പ്രതികരണം. പിന്നാലെ ഒ ജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറോമും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ ഖജനാവ് മുക്കരുതെന്നായിരുന്നു ചിന്ത ഫേസ്ബുക്കില്‍ കുറിച്ചത്.
'യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോടാണ്..യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ കേരള മന്ത്രിസഭയില്‍ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാര്‍ഹമാണ്..എന്നാല്‍ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ..താങ്കളുടെ മുന്‍ഗാമിയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.മന്ത്രി എന്ന നിലയില്‍ ലഹരി കച്ചവടക്കാരായ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവര്‍ത്തകരെ സൈബര്‍ ഇടങ്ങളില്‍ അവഹേളിക്കരുത്. NB:ഞങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തില്‍ പുറകില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവര്‍ത്തിക്കരുത് എന്ന് പറയാനുമുള്ള ആര്‍ജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയം..', എന്നായിരുന്നു ചിന്തയുടെ മറുപടി.
Content Highlights: Chintha Jerome has once again responded to Youth Congress state president O K Janeesh