ഗ്രൗണ്ടല്ല, ഇനി കണ്‍വന്‍ഷന്‍ സെന്റര്‍; മുംബൈയില്‍ വിവാദം കത്തുന്നു

നെവില്‍ ഡിസൂസ ഫുട്‌ബോള്‍ ഗ്രൗണ്ട് കണ്‍വെന്‍ഷന്‍ സെന്ററാക്കുന്നതിനെതിരെ മുംബൈയില്‍ കായിക പ്രേമികളുടെ പ്രതിഷേധം

ഗ്രൗണ്ടല്ല, ഇനി കണ്‍വന്‍ഷന്‍ സെന്റര്‍; മുംബൈയില്‍ വിവാദം കത്തുന്നു
dot image

ബാന്ദ്ര റെക്ലമേഷനിലുള്ള പ്രശസ്തമായ നെവില്‍ ഡിസൂസ ഫുട്‌ബോള്‍ ഗ്രൗണ്ട് കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) ജനറല്‍ ബോഡി അംഗീകാരം നല്‍കി. കായികതാരങ്ങളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് ഭരണസമിതിയുടെ ഈ നീക്കം. മുംബൈ ഡെവലപ്പ്‌മെന്റ് പ്ലാന്‍ 2034 അനുസരിച്ച് 8,450 ചതുരശ്ര മീറ്റര്‍ വരുന്ന ഈ മൈതാനത്തിന്റെ നിലവിലെ 'കളിസ്ഥലം' എന്ന തരംതിരിവ് മാറ്റി 'എക്‌സിബിഷന്‍ സെന്റര്‍' ആക്കാനാണ് ബി.എം.സിയുടെ തീരുമാനം. നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും മുംബൈ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയില്‍ നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ ആദ്യ ഏഷ്യന്‍ താരമായ നെവില്‍ ഡിസൂസയുടെ പേരില്‍ അറിയപ്പെടുന്ന ഈ ഗ്രൗണ്ട്, മുംബൈയിലെ പ്രാദേശിക-സംസ്ഥാന തല ഫുട്‌ബോള്‍ മത്സരങ്ങളുടെ പ്രധാന കേന്ദ്രമാണ്.

ഫിഫ നിലവാരത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫോട് കൂടിയ ഈ കളിസ്ഥലം വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നത് നഗരത്തിലെ തുറസ്സായ പൊതുഇടങ്ങള്‍ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 1983-ലെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഈ സ്ഥലം എക്‌സിബിഷന്‍ സെന്ററിനായി മാറ്റിവെച്ചതാണെന്നും, അതിനാല്‍ മാറ്റത്തില്‍ നിയമപരമായ തടസ്സങ്ങളില്ലെന്നുമാണ് ബി.എം.സി അധികൃതരുടെ വാദം.

content highlights: Not a Ground, Now a Convention Center; Controversy Ignites in Mumbai

dot image
To advertise here,contact us
dot image