

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. 'ശുഭയാത്ര സുരക്ഷിത യാത്ര' എന്ന പദ്ധതിയുടെ ഭാഗമായി റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി ചേർന്നായിരിക്കും പരിശോധന. ഓഗസ്റ്റ് 30 വരെയായിരിക്കും പരിശോധന നടത്തുക.
അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയാന്‍ പ്രത്യേകമായ പരിശോധനകള്‍ ഉണ്ടാകും. ഇതിനെതുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും ലഗേജ്-പാര്‍സല്‍ ബോഗികളിലും പാര്‍ക്കിംഗ് ഏരിയകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിക്കുമെന്നും ലഹരി ഉപയോഗിക്കുന്നവര്‍ ട്രെയിനില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനായി ഇന്റലിജന്‍സ് ഡാന്‍സാഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലേഡീസ് കോച്ചുകളിലും നിരീക്ഷണം ശക്തമാക്കാന്‍ റെയില്‍വേ പൊലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 112, 139 അല്ലെങ്കില്‍ 9846200100 എന്നീ നമ്പറുകളില്‍ പൊലീസിനെ അറിയിക്കാമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Indian Railways Strengthens Security at Trains and Railway Stations Ahead of Onam Celebrations