3.49 ലക്ഷം ദിർഹം ദുബായിലേക്ക് അയച്ചു, ഹവാല മാർഗം പണം കൈമാറി; വീണ ടിക്കെതിരെ ഗുരുതര ആരോപണവുമായി ഇഡി

വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അവകാശപ്പെടുന്നു

3.49 ലക്ഷം ദിർഹം ദുബായിലേക്ക് അയച്ചു, ഹവാല മാർഗം പണം കൈമാറി; വീണ ടിക്കെതിരെ ഗുരുതര ആരോപണവുമായി ഇഡി
dot image

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്റേറ്റ്. വാ‍ർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരം പങ്കുവെച്ചത്. വാർത്താക്കുറിപ്പ് പുറത്ത് വന്നു. സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ ഹവാല ചാനലുകൾവഴി പണമിടപാട് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ വീണ ടിയുടെ അടക്കം കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വീണ സൂക്ഷിച്ചിരുന്ന ഡയറിയിൽ കണക്കുകൾ കണ്ടെത്തിയതായി വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. ആ കുറിപ്പുകളിൽ വ്യക്തികളുടെ പേരുകൾ, കൈകാര്യം ചെയ്തതും ചെലവഴിച്ചതുമായ തുകകൾ, ദുബായിലേക്ക് മാറ്റിയ പണം തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.

ഏകദേശം 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായി കുറിപ്പുകളിൽ ഉള്ളതായാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിൽ ഏകദേശം ഏകദേശം 20.05 കോടി രൂപയുടെ കണക്കുകൾ ഉണ്ടായിരുന്നുവെന്നും ഇ ഡി പറയുന്നു.

വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അവകാശപ്പെടുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ നടത്തുന്നതിനായി മറ്റൊരാളുടെ പേരിൽ സിം കാർഡും വൈ-ഫൈ റൂട്ടറും എടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കൈയെഴുത്ത് കണക്കുകളിൽ പേരുള്ള എല്ലാ വ്യക്തികളുടെയും സിം കാർഡ് നൽകിയ വ്യക്തിയുടെയും കേന്ദ്രങ്ങൾ ഈ പരിശോധനയിൽ ഉൾപ്പെടുത്തിയതായും ഇ ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തിയതായും ഇ ഡി അറിയിച്ചു. ഹവാല മാർഗം പണം കൈമാറിയതിന്റെ തെളിവുകളും കണ്ടെത്തിയതായും പ്രസ്താവനയിൽ പറയുന്നു. പിടിച്ചെടുത്ത രേഖകൾ പ്രകാരം വീണയുടെ അറിയാവുന്ന വരുമാന സ്രോതസുകളെക്കാൾ കൂടുതലായ തുകയാണ് അവർ കൈകാര്യം ചെയ്തതെന്ന് സൂചന ലഭിക്കുന്നുവെന്നും കൈയെഴുത്ത് കണക്കുകളിലുള്ള തുകകൾ സിഎംആർഎല്ലിൽ നിന്ന് ലഭിച്ച പണത്തിന് പുറമെയാണെന്നുമാണ് ഇ ഡിയുടെ അവകാശവാദം.

ഓഗസ്റ്റ് 18ന് കോഴിക്കോട് ഒമ്പത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇ ഡി വാ‍ർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) ആരംഭിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പിഎംഎൽഎ പ്രകാരം അന്വേഷണം തുടങ്ങിയതെന്നാണ് വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കുന്നത്. 15 വർഷത്തിനിടെ സിഎംആർഎൽ 182 കോടി രൂപയുടെ വ്യാജ പണച്ചെലവുകൾ രേഖപ്പെടുത്തിയെന്നും, ഈ തുക വിവിധ വ്യക്തികൾക്ക് കൈക്കൂലി നൽകാനാണ് ഉപയോഗിച്ചതെന്നും എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് ഇ ഡി വ്യക്തമാക്കുന്നത്. ഇതിൽ ഒരുഭാ​ഗം വീണ ടിക്ക് നൽകിയെന്നാണ് ഇഡിയുടെ ആരോപണം. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപയുടെ വ്യാജ പേയ്മെന്റുകൾ സിഎംആർഎൽ നൽകിയതായാണ് വാർത്താക്കുറിപ്പിൽ ഇ ഡി വ്യക്തമാക്കുന്നത്. നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

Content Highlights: The Enforcement Directorate has alleged that Veena transferred AED 349,000 to Dubai through hawala channels, raising serious accusations in the ongoing money laundering investigation.

dot image
To advertise here,contact us
dot image