CMRL-എക്‌സാലോജിക് കേസ്: റെയ്ഡ് വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച്

വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങള്‍ ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്

CMRL-എക്‌സാലോജിക് കേസ്: റെയ്ഡ് വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച്
dot image

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. വീണ ടിയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇന്ന് പരിശോധന നടന്നത്. റിയാസിന്റെ സുഹൃത്തയായ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന്റെ ഫ്‌ലാറ്റിലും വീട്ടിലും അടക്കം കോഴിക്കോട്ടെ എട്ടിടങ്ങളിലായിരുന്നു ഇന്ന് റെയ്ഡ് നടന്നത്.

നേരത്തെ വീണയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങള്‍ ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. മെയ് 27ന് വീണ ടി യുടെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇ ഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. നിഖില്‍, നന്ദുലാല്‍, ഷൈജല്‍, ഫൈജാസ് അടക്കം ഏഴ് പേരുടെ പേരുകളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധനകളിലേക്ക് അന്വേഷണസംഘം നടന്നത്.

നിഖിലിന്റെ സോളസ് എന്ന കമ്പനി, വെസ്റ്റ് ഹില്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി നന്ദുലാലിന്റെ വീട്, പന്തിരാങ്കാവിലെ കാപിറ്റല്‍ മാര്‍ബിള്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ഫ്‌ളാറ്റിലെ പരിശോധനയ്ക്കിടെ നിഖിലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തി. വിളിച്ചിട്ടും വരാതിരുന്ന നിഖിലിനെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇഡി സംഘം ഫ്‌ളാറ്റില്‍ എത്തിച്ചത്. നിഖിലിന്റെ ഫ്‌ലാറ്റിലേക്ക് എത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി എം മെഹബൂബ് ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു. ഇ ഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോണ്‍ഗ്രസ് കൂടിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പന്തിരാങ്കാവിലെ കാപിറ്റല്‍ മാര്‍ബിള്‍സ് എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നു. വീണ ടി പാര്‍ട്ണറായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ടും പരിശോധനയുണ്ട്. നേരത്തെ കമ്പനിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 16.5 ലക്ഷം ഇ ഡി മരവിപ്പിച്ചിരുന്നു.

2024 ഏപ്രിലിലാണ് സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്‌സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുളള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുളള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് എസ്എഫ്‌ഐഒ ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: The ED raid in the CMRL-Exalogic case is reportedly focused on details contained in a diary seized from Veena's residence during an earlier search.

dot image
To advertise here,contact us
dot image