CMRL-എക്‌സാലോജിക് കേസ്; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കം 8 ഇടങ്ങളിൽ ED റെയ്ഡ്

കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

CMRL-എക്‌സാലോജിക് കേസ്; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കം 8 ഇടങ്ങളിൽ ED റെയ്ഡ്
dot image

കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ് നടക്കുന്നത്. പി നിഖിലിന്റെ കരുവന്‍തുരുത്തിലെ വീട്ടിലും അശോകപുരത്തെ ഫ്‌ളാറ്റിലും റെയ്ഡ് നടക്കുന്നുണ്ട്. വീണ ടിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഡയറിയിലെ പേരുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

വീണ പാര്‍ട്ണറായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടും പരിശോധനകള്‍ നടക്കുന്നുണ്ട്. നേരത്തെ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ ഇ ഡി മരവിപ്പിച്ചിരുന്നു.

കേസില്‍ വീണയെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു. വീണയുടെ മൊഴികളില്‍ വ്യക്തത ഇല്ലെന്നായിരുന്നു ഇ ഡി സംഘം പറഞ്ഞത്. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ തരപ്പെട്ടത് എങ്ങനെയെന്നും അന്വേഷണം നടക്കുന്നുണ്ട്.

2024 ഏപ്രിലിലാണ് സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്‌സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുളള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുളള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമുളള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് അന്വേഷണങ്ങള്‍ക്ക് ആധാരമായത്. തുടര്‍ന്ന് എസ്എഫ്‌ഐഒ ഈ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: The Enforcement Directorate has conducted raids at multiple locations, including the residence of a CPM district secretariat member, in connection with the CMRL-Exalogic case.

dot image
To advertise here,contact us
dot image