

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അടുപ്പക്കാരന്‍ പിടിയിലായതോടെ പ്രതിരോധത്തിലായി മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി പദവിയില്‍ എത്തിയപ്പോഴും വി ഡി സതീശന്റെ ഓഫീസുകളില്‍ മുഹമ്മദ് ഹുസൈന്‍ നിരന്തരം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിനിടെ മുഹമ്മദ് ഹുസൈനുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിക്കുകയാണ് സിപിഐഎമ്മും ഡിവൈഎഫ്ഐയും.
കേസില്‍ പിടിയിലായവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വി ഡി സതീശനുമായി മുഖ്യപ്രതി ഹുസൈന് നീണ്ടകാലത്തെ ബന്ധമുണ്ടെന്ന് സതീഷ് പറഞ്ഞു. മയക്കുമരുന്ന് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ ബന്ധം എന്തെന്ന് കേരളത്തോട് പറയണമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
'മുഖ്യമന്ത്രിയുടെ ഓഫീസുമായി പ്രതികള്‍ അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി എംഡിഎംഎ കച്ചവടം നടത്തിയോ എന്നത് സമഗ്രമായി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റ് കണ്ണികള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. മുഖ്യമന്ത്രി തന്നെ സംശയമുനിയിലാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്', എസ് സതീഷ് പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിനെയും സതീഷ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി- വി ഡി സതീശന്റെ ബന്ധത്തിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സര്‍ക്കാര്‍ മുക്കുന്നു. മെറ്റയെ സ്വാധീനിക്കാന്‍ രാജ്യത്ത് കഴിയുന്ന ഏക വ്യക്തി മോദിയായിരുന്നു. മോദി കഴിഞ്ഞാല്‍ അതിന് കഴിയുന്ന നേതാവ് വിഡി സതീശനാണ്. അത് സാധ്യമാകുന്നത് മോദി - വിഡി ബന്ധം കൊണ്ടാണെന്ന് സതീഷ് പറഞ്ഞു.
വിഡി സതീശന്റെ പുതുയുഗയാത്രയില്‍ ഹുസൈന്‍ സജീവ പങ്കാളിയെന്ന് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി നിഖില്‍ ബാബു പ്രതികരിച്ചു. കേരളത്തിലുടനീളം ലഹരി വില്‍പ്പനക്കുള്ള വേദിയായി പുതുയുഗയാത്രയെ ഉപയോഗിച്ചോ എന്ന് പരിശോധിക്കണം. പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രധാനപ്പെട്ട നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് നിഖില്‍ ബാബു ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായും ഡിസിസി അധ്യക്ഷനുമായും മുഹമ്മദ് ഹുസൈന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് വെങ്ങോല പഞ്ചായത്തിലെ ഇടത് അംഗം ബേസിലും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. വലിയകുളത്തും പൂമലയിലും കോണ്‍ഗ്രസിന്റെ പ്രാദേശിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുഹമ്മദ് ഹുസൈന് പ്രാദേശിക ചുമതല നല്‍കിയിരുന്നു എന്നും ബേസില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: The arrest of a person linked to an case has sparked political debate involving Kerala opposition leader VD Satheesan