തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി; ബിജെപിയില്‍ ആഭ്യന്തര അന്വേഷണം മുന്നോട്ട്, കൂടുതല്‍ പേരുടെ മൊഴിയെടുക്കും

മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ പി കൃഷ്ണദാസുമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി; ബിജെപിയില്‍ ആഭ്യന്തര അന്വേഷണം മുന്നോട്ട്, കൂടുതല്‍ പേരുടെ മൊഴിയെടുക്കും
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടന്നെന്ന ആരോപണത്തില്‍ ബിജെപി ആഭ്യന്തര അന്വേഷണം മുന്നോട്ട് പോകുകയാണ്. കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് നീക്കം. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും രണ്ട് മേഖലാ ഭാരവാഹികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരാണ് ഇവര്‍. ഫണ്ട് തിരിമറിയില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കും.

മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സംസ്ഥാന ട്രഷറര്‍ പി കൃഷ്ണദാസുമാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പരാതിക്കാരായ ആളുകളുടേയും ഇടപാടുകള്‍ നടത്തിയ ആളുകളുടേയും മൊഴി രേഖപ്പെടുത്തും. ഇത് സംബന്ധിച്ച രേഖകളും പരിശോധിക്കാനാണ് നീക്കം. ജിഎസ്ടി ബില്ല് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തല്‍. ഒരു കടലാസ് കമ്പനി ഉണ്ടാക്കി അതിലേക്ക് പണം കൈമാറ്റം ചെയ്ത ആരോപണവുമുണ്ട്. അതേസമയം യാതൊരുവിധ ഫണ്ട് തിരിമറിയും നടന്നിട്ടില്ലെന്നാണ് സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നല ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത്. കൂടാതെ ഇത് സംബന്ധിച്ച് കോര്‍കമ്മിറ്റിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ എല്ലാം വ്യാജമനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി ബന്ധപ്പട്ട് ഉയര്‍ന്ന ആരോപണവും വസ്തുതാ വരുദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സംസ്ഥാന കമ്മിറ്റി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട പരാതി ഉയര്‍ന്നിരുന്നത്. 20-20 സ്ഥാനാര്‍ഥിയാകാന്‍ ഓഫര്‍ ചെയ്ത പണം നല്‍കിയില്ലെന്ന് കാട്ടി സ്ഥാനാര്‍ഥിയായ താരങ്ങള്‍ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്ലക്കാര്‍ഡ് വാങ്ങിയതിലടക്കം ക്രമക്കേട് ഉണ്ടായെന്നായിരുന്നു കണ്ടെത്തല്‍. വാഹനങ്ങള്‍ വാടകയ്ക്കെടുത്തതില്‍ വരെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കൊടി വാങ്ങിയെന്ന് കാട്ടി വ്യാജ ബില്ല് സമര്‍പ്പിച്ചതില്‍ കേസ് എടുത്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 3.25 ലക്ഷം രൂപയ്ക്ക് കൊടി വാങ്ങി എന്ന വ്യാജ ബില്ലില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നാണ് ആരോപണം. വാമനപുരം സ്വദേശിയായ കടയുടമ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിച്ചിരുന്നു. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നായിരുന്നു റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നായിരുന്നു കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഇതില്‍ കടയുടമ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടില്ലെന്ന ആരോപണമുയര്‍ന്നിരുന്നത്.

ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്‌ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlights: The BJP’s internal investigation into allegations of election fund misappropriation is moving forward, with more individuals likely to be questioned. Statements have already been recorded from the state secretary and two regional office-bearers linked to the state election committee, while the probe team is expected to receive additional evidence.

dot image
To advertise here,contact us
dot image