

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ കൂടിക്കിടന്ന് നശിക്കുന്നു. മെഡിക്കല്‍ കോളേജിലെ ഏഴാമത്തേയും എട്ടാമത്തേയും നിലകളിലാണ് മരുന്നുകളുടെ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനകത്തെ അനാസ്ഥയുടെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ടത്.
ആശുപത്രിയിലെ രണ്ട് നിലകളിലായി നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഇ എന്‍ ടി, നേത്രം, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, കാന്‍സര്‍ വാര്‍ഡുകള്‍ തുടങ്ങിയവയ്ക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലത്തും മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. ഇഞ്ചക്ഷനും നെബുലൈസര്‍ സൊല്യൂഷനും പാരസെറ്റമോളും ഉള്‍പ്പടെ പിപിഇ കിറ്റുകള്‍ വരെയുള്ള മരുന്നുകളാണ് വലിയ ബോക്‌സുകളില്‍ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. കെ എം എസ് സി എല്‍ നല്‍കിയ കോടികള്‍ വില വരുന്ന മരുന്നുകളാണ് കെട്ടിക്കിടന്ന് നശിക്കുന്നത്.
കാലാവധി കഴിഞ്ഞതും കഴിയാത്തതും ഉള്‍പ്പടെ മരുന്നുകളുടെ കൂമ്പാരമാണ് ആശുപത്രിയിലെ രണ്ട് നിലകളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇവയില്‍ പല മരുന്നുകളും വര്‍ഷങ്ങളായി കാലാവധി കഴിഞ്ഞവയാണ്. അത്തരത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യുന്നതിനു വേണ്ടി ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല.
Content Highlights: Crores Worth Lapses at Kannur Pariyaram Medical College