

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം കിടന്നുകൊണ്ട് ഫോണിൽ ഗെയിം കളിക്കുകയും റീലുകൾ കാണുകയും ചെയ്തതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് പ്രശ്നമുണ്ടായി ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്ന അനുഭവമാണ് ഷക്കീല പങ്കുവച്ചത്. മൂന്ന് ലക്ഷം രൂപയോളം ചെലവായെന്നും വേദനയും അനുഭവിക്കേണ്ടി വന്നെന്നും പറഞ്ഞ താരം, കുട്ടികളടക്കം എല്ലാവരും മൊബൈൽ ഉപയോഗം പരമാവധി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. swantham യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ചാണ് പ്രതികരണം.
'അടുത്തിടെ എനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നു. ഗൗരവമായ ഒരു കാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്ന ശേഷം ഇതേ ഗെയിം കളി. പിന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ സർജറിയിൽ കലാശിക്കുകയും ചെയ്തത്. കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക.
നിങ്ങളും പരമാവധി ഒഴിവാക്കുക. എന്റെ വിഡിയോ അടക്കം ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള വിഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപ പോകും. പൈസ പോകുമെന്ന് മാത്രമല്ല നല്ല വേദനയും ഉണ്ടാകും. ഇപ്പോൾ തന്നെ കുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വയ്ക്കുക. എന്നെ സ്നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യം നോക്കുക,' ഷക്കീല പറഞ്ഞു.
മലയാള സിനിമയിൽ ഒരു കാലത്ത് നടി ഷക്കീല വലിയ ചർച്ചയായിരുന്നു. ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചിരുന്നു ഇന്ന് തമിഴ് ഷോകളിലൂടെയാണ് ഷക്കീല ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്.
Content Highlights: Actress Shakeela has revealed that prolonged mobile phone use, including hours of gaming and watching reels, affected her neck and eventually led to surgery. She said the treatment cost around ₹3 lakh and urged people, especially children, to limit screen time and use mobile phones only when necessary.