വൈദ്യുതിയില്ലാതെ 9 മാസം; ഇടുക്കി എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ

താമസം തുടങ്ങിയതു മുതല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റിനോടും കെഎസ്ഇബിയോടും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല

വൈദ്യുതിയില്ലാതെ 9 മാസം; ഇടുക്കി എസ്റ്റേറ്റിൽ ആറു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞുൾപ്പെടെയുള്ള കുടുംബം ഇരുട്ടിൽ
dot image

ഇടുക്കി: റാണികോവില്‍ എസ്റ്റേറ്റില്‍ ആറു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള കുടുംബം ഇരുട്ടില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒന്‍പത് മാസം. കമ്പനി ഉടമകളായ ബഥേല്‍ ടീ പ്ലാന്റേഷന്‍ അപേക്ഷ നല്‍കാത്തതാണ് തൊഴിലാളി ലയത്തിലെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ച് നല്‍കാന്‍ തടസ്സമായിരിക്കുന്നത്. ബാലകൃഷ്ണന്റെയും പളനിയമ്മാളിന്റെയും കുടുംബത്തിനാണ് ദുരവസ്ഥ. ഇവരുടെ മകള്‍ മഞ്ജുഷയ്ക്ക് ആറ് മാസം പ്രായമായ കുഞ്ഞുമുണ്ട്. വിഷയം കമ്പനി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ടീ കമ്പനി സൂപ്പര്‍വൈസര്‍ അജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. റാണികോവില്‍ എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളായിരുന്നു ബാലകൃഷ്ണനും പളനിയമ്മാളും. തോട്ടം ബെഥേല്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ബാലകൃഷ്ണന് പണിയില്ലാതായി. പളനിയമ്മാള്‍ക്ക് അനുവദിച്ച ലയത്തിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്.

കുറെക്കാലം ഒഴിഞ്ഞു കിടന്നിരുന്നതിനെ തുടര്‍ന്ന് ബില്‍ തുക കുടിശിക വന്നതിനാല്‍ ഇവർ ഇപ്പോൾ താമസിക്കുന്ന ലയത്തിലെ കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. താമസം തുടങ്ങിയതു മുതല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെന്ന് മാനേജ്‌മെന്റിനോടും കെഎസ്ഇബിയോടും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ആറ് മാസം പ്രായമായ കുഞ്ഞുമായി മെഴുകുതിരി വെട്ടത്തിലാണിവര്‍ കഴിയുന്നത്. എസ്റ്റേറ്റ് ലയത്തിലെ കണക്ഷന്‍ ആയതിനാല്‍ കുടിശ്ശിക അടച്ച് ഉടമ അപേക്ഷ നല്‍കിയാലേ വൈദ്യുതി വകുപ്പിന് പുനസ്ഥാപിക്കാന്‍ കഴിയൂ.

കഴിഞ്ഞ വർഷം നവംബറില്‍ സമീപത്തെ ലയത്തിലുണ്ടായ തീപിടുത്തത്തില്‍ ഇവർ നേരത്തെ താമസിച്ചിരുന്ന ലയവും കത്തി നശിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവര്‍ മറ്റൊരു ലയത്തിലേക്ക് മാറിയെങ്കിലും പ്രസവത്തിനായി മകള്‍ മഞ്ജുഷയുമെത്തിയതോടെ കുടുംബത്തിൻ്റെ സാഹചര്യം കൂടുതൽ പരിതാപകരമായി. ഇവർ താമസിച്ചിരുന്ന ലയം മഴക്കാലത്ത് വീട് തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ താമസിക്കുന്ന ലയത്തിലേയ്ക്ക് കുടുംബത്തെ മാനേജ്‌മെന്റ് മാറ്റുകയായിരുന്നു.

Content Highlights: Electricity crisis family six month old baby without power nine months ranikovil estate

dot image
To advertise here,contact us
dot image