ശബരിമല സ്വര്‍ണക്കൊള്ള കേസ്: 'അറസ്റ്റിന് ശേഷം യാതൊരു തുടര്‍നടപടിയുമില്ല'; ജാമ്യം തേടി പ്രശാന്തും അജികുമാറും

ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ഇരുവരും പറയുന്നത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: 'അറസ്റ്റിന് ശേഷം യാതൊരു തുടര്‍നടപടിയുമില്ല'; ജാമ്യം തേടി പ്രശാന്തും അജികുമാറും
dot image

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം എ അജികുമാറും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവര്‍ക്കുമായി അഭിഭാഷകര്‍ ജാമ്യാപേക്ഷ നല്‍കി. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ഇരുവരും പറയുന്നത്. ദ്വാരപാലക ശില്‍പം കൊണ്ടുപോകാനുള്ള തീരുമാനം തങ്ങള്‍ക്ക് മുന്‍പുള്ള ബോര്‍ഡിന്റേതായിരുന്നു. തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

അറസ്റ്റിന് ശേഷം കേസില്‍ യാതൊരു തുടര്‍നടപടിയുമില്ലെന്നും ജാമ്യാപേക്ഷയില്‍ ഇരുവരും ചൂണ്ടിക്കാട്ടി. തങ്ങളുടെ അറസ്റ്റിന് ശേഷം ആരെയും ചോദ്യം ചെയ്തിട്ട് പോലുമില്ല. തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അജികുമാര്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ജാമ്യാപേക്ഷയില്‍ സൂചിപ്പിട്ടുണ്ട്. അറസ്റ്റിലായി പത്തൊമ്പതാം ദിവസമാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 23-ാം തീയതിയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആദ്യം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2025ല്‍ ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇരുവരുടെയും അറസ്റ്റ്. 2025ല്‍ ദ്വാരപാലക വിഗ്രഹങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ല്‍ നടന്ന സ്വര്‍ണ അപഹരണം മറച്ചുവെയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികള്‍ നല്‍കുന്നതിലും ഫയല്‍ നടപടികളിലും അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും എസ്‌ഐടി പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിന് പുറമേ ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും പി എസ് പ്രശാന്തും അജികുമാറും പ്രതികളാണ്. മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയ ടെന്‍ഡറില്‍ ഉള്‍പ്പെടെ ഗുരുതര ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർത്തത്.

Content Highlights- Prasanth and Ajikumar have sought bail in the Sabarimala gold theft case, stating that no further proceedings were taken after their arrest

dot image
To advertise here,contact us
dot image