

കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് പത്തനംതിട്ടയിലെ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് സിപിഐഎം ജില്ലാ നേതൃത്വം. കഴിഞ്ഞദിവസം മല്ലപ്പള്ളി കാട്ടാമലയിലെ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തിയതിനെതിരെയാണ് സിപിഐഎം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്താനാണ് തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം ആണ് പൊലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് സിപിഐഎം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. തെറ്റായ വിവരം പൊലീസിന് നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നും മനുഷ്യാവകാശം ലംഘിച്ച് പരിശോധന നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം.
ഇതിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. കേസില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. ഊന്നുകല്‍ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
നേരത്തെ സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അര്‍ജുന്‍ ആയങ്കി കോതമംഗലം എസ്എച്ച്ഒ പ്രശാന്തിനെതിരെ ഭീഷണി മുഴക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭീഷണി. സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആയങ്കിയുടെ ഭീഷണി. 'കോതമംഗലം സര്‍ക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്' എന്ന് പറഞ്ഞുകൊണ്ടായിരുന്നു അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. ആരെയൊക്കെയോ പ്രീതിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ പൊലീസ് നടപടിയെന്നും അര്‍ജുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഒളിവിലിരുന്ന് പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി തുടർച്ചയായി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെയും അഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിക്കുന്ന അർജുൻ ആയങ്കിയുടെ പോസ്റ്റുകൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അര്‍ജുനായി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Content Highlights: CPIM Protests Police Raids at CPIM, DYFI Leaders Homes Over Arjun Ayanki Case