

തിരുവനന്തപുരം: റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. 10.90രൂപയില്‍ ല്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്നാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ കുറവുണ്ടായി. 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി എന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.
നിലവില്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഗോതമ്പ് കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് കേന്ദ്രം അരവിഹിതം കുറച്ച് ഗോതമ്പ് കൂട്ടാന്‍ കാരണം. ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായതിന് കാരണമെന്നും ഭക്ഷ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനുപുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന വിലയായ 23.20 രൂപയ്ക്ക് ഒഎംഎസ്എസ് (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം) അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വിശദീകരിക്കുന്നു.
Content Highlights: The Kerala Food Department has clarified that there has been no increase in the price or quantity of ration rice. It termed reports claiming that the price was raised from ₹10.90 to ₹26 as false, while pointing to a reduction of over 6,459 metric tonnes in rice availability under the Centre’s Tide Over allocation since January 2026.