

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നത്. കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം.
മുഖ്യമന്ത്രിയുടെ ആശ്വാസ വാക്കുകളല്ല തങ്ങള്‍ക്ക് വേണ്ടതെന്നും കടല്‍ മക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന തുടങ്ങി. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചാണ് പരിശോധന നടത്തുന്നത്.
നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിന് നേവി സംഘം എത്തി. പരിശോധനയ്ക്ക് നേവിയെത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം നിരാഹാര സമരത്തിന് ഇല്ലെന്ന് ഗൗതമിന്റെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
നീണ്ടകരയില്‍ രക്ഷാദൗത്യത്തിന് ഇന്ത്യന്‍ നേവിയുടെ കല്‍പേനി ഷിപ്പ് എത്തി. പ്രത്യേക ഡൈവിംഗ് സംഘവും സജ്ജമാണ്. ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ നാവികസേനാ കപ്പലായ കല്‍പേനി കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. നിലവില്‍ നീണ്ടകരയില്‍ നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്.
കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായതില്‍ ഗൗരവത്തോടെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തിരച്ചിലിനായി ഒരു സംവിധാനവും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വലിയ അനീതി കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്യം പറയുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും സൈബര്‍ അറ്റാക്ക് നടത്തും. ഓരോരുത്തര്‍ക്കും ഇത്രപേര്‍ എന്ന നിലയില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.
Content Highlights: Search for Missing Fishermen in Thiruvananthapuram and Neendakara Enters Tenth Day