

ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സിയുടെ നിര്യാണത്തില്‍ അനുശോചിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ദീര്‍ഘനാളായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. 'ലിയോയും കുടുംബവും കരുത്തോടെയിരിക്കൂ. സങ്കടകരമായ ഈ നിമിഷത്തില്‍ ഞങ്ങളെല്ലാവരും കൂടെയുണ്ട്..' -എഎഫ്എ തങ്ങളുടെ എക്‌സില്‍ കുറിച്ചു. അതേസമയം, മെസ്സിയും കുടുംബവും റൊസാരിയോയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല.
മെസ്സിയുടെ പിതാവിന്റെ നിര്യാണത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചിച്ചു. വിവിധ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ ഉള്‍പ്പടെ മെസ്സിയുടെ കുടുംബത്തിന് സന്ദേശമയച്ചു. കഴിഞ്ഞദിവസം ഇന്റര്‍ മയാമിയുടെ മത്സരത്തില്‍ ഗോളടിച്ച മെസ്സിയുടെ സഹതാരം റോഡ്രിഗോ ഡിപോള്‍ തന്റെ നേട്ടം മെസ്സിയുടെ പിതാവിന് സമര്‍പ്പിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ്, മൗന പ്രാര്‍ഥനയും നടത്തിയിരുന്നു.

ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും ദീര്‍ഘകാല ഏജന്റുമായിരുന്നു ഹോര്‍ഹെ മെസ്സി. 2026 ലോകകപ്പില്‍ അദ്ദേഹം കളി കാണാന്‍ എത്തിയിരുന്നില്ല. രോഗ ബാധിതനാണെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. 2026 ലോകകപ്പിലെ ആദ്യ മത്സരത്തിന് ശേഷം ലയണല്‍ മെസ്സി കണ്ണ് നിറഞ്ഞ് സംസാരിച്ചത് വാര്‍ത്തയായിരുന്നു. വ്യക്തിപരമായ ചില ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്ന് മെസ്സി അന്ന് വ്യക്തമാക്കിയിരുന്നു. മെസ്സിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശില്പിയായിരുന്നു ഹോര്‍ഹെ മെസ്സി. ചെറുപ്പത്തില്‍ മെസ്സിക്ക് വളര്‍ച്ചാ ഹോര്‍മോണ്‍ വൈകല്യം നേരിട്ടപ്പോള്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ പരിശ്രമിച്ചതും, 13-ാം വയസ്സില്‍ ബാഴ്സലോണയിലേക്ക് ചേക്കേറാന്‍ നിര്‍ണായക തീരുമാനം എടുത്തതും ഹോര്‍ഹെയായിരുന്നു. കരിയറിലുടനീളം മെസ്സിയുടെ ബിസിനസ് കാര്യങ്ങളും കരാറുകളും കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമാണ്.
content highlights: 'We Are With You, Leo' - AFA Extends Support to Lionel Messi After His Father's Passing