

കോഴിക്കോട്: കര്‍ണാടകയില്‍ കോഴിക്കോട് - ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് ഡ്രൈവേഴ്‌സ് യൂണിയന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നെന്ന് പരാതി. ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റം നടപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അവഗണിച്ചെന്നാണ് ഉയരുന്ന ആരോപണം. അപകടത്തില്‍പ്പെട്ട ബസിൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം തന്നെ ഇത് നടപ്പിലാക്കണെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് യൂണിയന്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
ഡ്രൈവര്‍ മിഥിലേഷ് അധിക ഡ്യൂട്ടി എടുത്തതാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. പുലര്‍ച്ചെ ബെംഗളൂരുവിലെത്തുന്ന ബസ് ഉച്ചയോടെ കോഴിക്കോട്ടേക്ക് തിരിക്കും എന്നതിനാല്‍ ഡ്രൈവര്‍ക്ക് വിശ്രമമില്ലെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഥിലേഷ് ദീര്‍ഘനാളുകളായി ഡ്രൈവര്‍ ഡ്യൂട്ടി ചെയ്യുന്ന ആളാണെന്നും എന്താണ് അപകടകാരണമെന്ന് അറിയില്ലെന്നുമാണ് സുഹൃത്ത് പറഞ്ഞത്. എന്നാല്‍ വാഹനവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഇല്ലെന്നും ഹ്യൂമന്‍ എറര്‍ ആണ് അപകട കാരണമെന്നുമാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറഞ്ഞത്.
ദീര്‍ഘ ദൂര സര്‍വീസുകള്‍ക്ക് ഡ്രൈവര്‍ കം കണ്ടക്ടര്‍ സിസ്റ്റം നടപ്പിലാക്കണമെന്ന് സര്‍ക്കുലര്‍ നില നില്‍ക്കുന്നുണ്ട്. ഇതിന് പുറമെ ആണ് കഴിഞ്ഞ ജൂണ്‍ 6ന് ഡ്രൈവേഴ്‌സ് യൂണിയന്‍ കത്ത് നല്‍കുന്ന സാഹചര്യമുണ്ടായത്. ദീര്‍ഘദൂര സര്‍വീസില്‍ പരിചയ സമ്പന്നരായ ആളുകളെ വെക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.
ഇന്ന് പുലര്‍ച്ചയാണ് കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചത്.. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എന്‍ എം അരുണ്‍ തല്‍ക്ഷണം മരിച്ചു. ഡ്രൈവര്‍ ബിജിലേഷ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസാണ് അപകടത്തില്‍പ്പെട്ടത്.
Content Highlights: The Kozhikode-Bengaluru KSRTC bus accident has triggered allegations that employees' warnings about driver fatigue were ignored. The drivers' union had reportedly urged KSRTC to introduce a driver-cum-conductor system for the service. Questions have also been raised over additional duty performed by driver Mithilesh, while Transport Minister C. P. John attributed the accident to human error.