

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെയും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണസമിതിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നതായി ഫിഫ. ഇന്‍ഫാന്റിനോയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച ഫിഫ, സംഘടനയുടെ ജനാധിപത്യ പ്രക്രിയകളോടും ഭരണഘടനയോടും ചേര്‍ന്നുനില്‍ക്കുമെന്നും വ്യക്തമാക്കി.
ഫിഫ മീഡിയയുടെ 'എക്‌സ്' അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍, ഫിഫയുടെ നിയമങ്ങള്‍ക്കും ജനാധിപത്യ രീതികള്‍ക്കും വിരുദ്ധമായ രീതിയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയകളെ യാതൊരു കാരണവശാലും പിന്തുണയ്ക്കില്ലെന്നും സംഘടന അറിയിച്ചു. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അടുത്തിടെ നടത്തിയ പ്രസ്താവനകളെയും ലോകമെമ്പാടുമുള്ള അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകളെയും ഉദ്ധരിച്ചായിരുന്നു ഫിഫയുടെ പ്രതികരണം.
'ഫിഫ അംഗരാജ്യങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുത്തിട്ടുള്ള വ്യക്തിയാണ് ഫിഫ പ്രസിഡന്റ്. അവരുടെ പൂര്‍ണ പിന്തുണയോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രസ്താവനകളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും സ്ഥാപനത്തെയും പ്രസിഡന്റിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്. ജനവിധിയില്ലാത്ത ചിലരാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍,' -പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അടുത്തിടെ ഫിഫയ്ക്കും പ്രസിഡന്റിനുമെതിരെ വന്ന വാര്‍ത്തകളിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും തെറ്റായ അവകാശവാദങ്ങളെയും ഭരണസമിതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഊഹാപോഹങ്ങളും ആരോപണങ്ങളും ആവര്‍ത്തിച്ചു പറഞ്ഞതുകൊണ്ട് അത് സത്യമാകില്ലെന്നും ഫിഫ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ലോക ഫുട്‌ബോളിനായി ഇന്‍ഫാന്റിനോ നല്‍കിയ സംഭാവനകളെ പ്രസ്താവനയില്‍ എടുത്തുപറഞ്ഞു. ഫുട്‌ബോള്‍ രംഗത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങളും മാറ്റങ്ങളും കായികരംഗത്തെ വികസനത്തിന് സഹായിച്ചുവെന്നും, എന്നാല്‍ ഈ മാറ്റങ്ങള്‍ ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് തിരിച്ചടിയായതാണ് എതിര്‍പ്പുകള്‍ക്ക് കാരണമെന്നും ഫിഫ വ്യക്തമാക്കി.
ന്യായമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ ദുരുപയോഗം ചെയ്യരുതെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഫിഫ കൂട്ടിച്ചേര്‍ത്തു. ഫിഫയ്ക്ക് കീഴിലുള്ള 211 അംഗരാജ്യങ്ങളോടും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ സമൂഹത്തോടുമാണ് തങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കായികരംഗത്തെ ആഗോളതലത്തില്‍ വളര്‍ത്താനുള്ള ദൗത്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഫിഫ പറയുന്നു.
ഫിഫയുടെ വാണിജ്യ അവകാശങ്ങളും (ബ്രോഡ്കാസ്റ്റിംഗ്, സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റിങ് മുതലായവ) ടൂര്‍ണമെന്റ് നടത്തിപ്പും കൈകാര്യം ചെയ്യുന്നതിനായി 'എഫ്.എഫ്.ഇ' എന്ന പേരില്‍ ഒരു പുതിയ സംരംഭം കൊണ്ടുവരാന്‍ ഫിഫ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ബാഹ്യ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റ് 4.2 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഫിഫ ലോകകപ്പ് അടക്കമുള്ള വന്‍ ടൂര്‍ണമെന്റുകള്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണെന്ന വിമര്‍ശനവുമായി യുവേഫ രംഗത്തെത്തി. പ്രക്രിയയിലെ സുതാര്യതയില്ലായ്മയില്‍ വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍കാകാഫും ആശങ്കയറിയിച്ചു. ഇതേത്തുടര്‍ന്ന് കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കാന്‍ ഫിഫ നിര്‍ബന്ധിതരായി. പദ്ധതി റദ്ദാക്കിയെങ്കിലും ഇന്‍ഫാന്റിനോയ്‌ക്കെതിരായ എതിര്‍പ്പുകള്‍ അവസാനിച്ചിട്ടില്ല. വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന് പിന്നാലെ, ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ വിശദീകരണം. അതേസമയം, യുവേഫ ഇന്‍ഫാന്റിനോയ്‌ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിരുന്നു.
content highlights: FIFA Defends President Gianni Infantino; Rejects Attempts to Defame Him