

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ പിയെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം. ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ നിർദ്ദേശം നൽകി.
ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹം കണ്ണൂരിൽ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിലായിരുന്നു. ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റികുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും പോസ്‌റ്‌മോർട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നൽകിയത്.
ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസർ സൗകര്യമുള്ള ആബുലൻസ് വേണമെന്ന് രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ഇല്ലെന്ന കാരണത്താൽ ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്ന് ഫ്രീസർ സൗകര്യം ഇല്ലാത്ത മെഡിക്കൽ കോളേജിലെ ആംബുലൻസിൽ കൊണ്ട് പോകാൻ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനെ തുടർന്ന് ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ പുറപ്പെട്ടെങ്കിലും ദുർഗന്ധം വമിച്ചതിനാൽ ചാവക്കാട് വെച്ച് ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
മീന്തുള്ളി വാട്ടർ ഫാൾസിലെ പരിശീലകനായ രാജേഷ് തുരുത്തിൽ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിരച്ചിലുകൾ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകൾ വിഫലമാകുകയായിരുന്നു.
Content Highlights: Rajesh death case Payyannur Tahsildar Facing Suspension