'മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, എനിക്ക് പറയാനുള്ളത് കേൾക്കാതെ കോൾ അവസാനിപ്പിച്ചു'; ജോണിന്റെ മകൾ

കടല്‍ മക്കളെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ജിജി ആരോപിച്ചു

'മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, എനിക്ക് പറയാനുള്ളത് കേൾക്കാതെ കോൾ അവസാനിപ്പിച്ചു'; ജോണിന്റെ മകൾ
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ ജിജി ജോണ്‍. കടല്‍ മക്കളെ അധിക്ഷേപിച്ചതിന് മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ജിജി ആരോപിച്ചു.

'മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് ആശ്വാസ വാക്കുകളല്ല. തങ്ങളെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഒന്നും കേള്‍ക്കാതെ അദ്ദേഹം കോള്‍ അവസാനിപ്പിച്ചു. ഞങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അദ്ദേഹം കേട്ടിട്ടില്ല. മുഖ്യമന്ത്രി വിളിച്ചപ്പോള്‍ അതാണ് കേള്‍ക്കേണ്ടിയിരുന്നത്. അപകടം നടന്ന ശേഷം എട്ട് ദിവസം വേണ്ടി വന്നു മുഖ്യമന്ത്രിക്ക് ഞങ്ങളെ വിളിക്കാന്‍', ജിജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒമ്പതാം ദിനമാണ് തിരച്ചില്‍ എവിടെ വേണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ ചോദിക്കുന്നത്. രാമേശ്വരം ഭാഗത്ത് തിരച്ചില്‍ വേണമെന്ന് ജില്ലാ കളക്ടറോട് നേരത്തെ ആവശ്യപ്പെട്ടതാണ്. രാമേശ്വരത്ത് ഇതുവരെ തിരച്ചില്‍ നടന്നിട്ടില്ല എന്നുള്ളതിന്റെ തെളിവാണിത്.
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനെ ന്യായീകരിക്കാനുള്ള മെക്കാനിസം മാത്രമെന്നും ജിജി പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക് കടന്നു. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നത്. കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം.

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന തുടങ്ങി. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചാണ് പരിശോധന നടത്തുന്നത്. നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിന് നേവി സംഘം എത്തി. പരിശോധനയ്ക്ക് നേവിയെത്തിയ സാഹചര്യത്തില്‍ തല്‍ക്കാലം നിരാഹാര സമരത്തിന് ഇല്ലെന്ന് ഗൗതമിന്റെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: Daughter of Missing Vizhinjam Fisherman John Criticises Chief Minister V D Satheesan

dot image
To advertise here,contact us
dot image