പാണക്കാട് മണ്ണിടിച്ചിലിന് തൊട്ടുമുൻപും പാറപൊട്ടിക്കൽ; റിപ്പോർട്ടർ വാർത്തയിൽ ഇടപെടൽ; ജിയോളജിസ്റ്റിന് നോട്ടീസ്

മണ്ണിടിച്ചില്‍ നടന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും പാറ പൊട്ടിക്കല്‍ നടന്നിരുന്നു

പാണക്കാട് മണ്ണിടിച്ചിലിന് തൊട്ടുമുൻപും പാറപൊട്ടിക്കൽ; റിപ്പോർട്ടർ വാർത്തയിൽ ഇടപെടൽ; ജിയോളജിസ്റ്റിന് നോട്ടീസ്
dot image

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിലിന് തൊട്ടുമുമ്പ് പ്രദേശത്തിന് സമീപം പാറ പൊട്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടിയുമായി വ്യവസായ വകുപ്പ്. വ്യവസായ വകുപ്പ് മലപ്പുറം ജിയോളജിസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. അനധികൃത പാറ പൊട്ടിക്കലിന് അനുമതി നല്‍കിയത് ആര്, എന്ത് പശ്ചാത്തലത്തിലാണ് അനുമതി നല്‍കിയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടി കൃത്യമായി നൽകണമെന്നാണ് നിർദേശം.

ഒരു വര്‍ഷത്തോളമായി സ്ഥലത്ത് പാറപ്പൊട്ടിക്കല്‍ നടക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ആദ്യം ബ്ലേഡ് വച്ച് മുറിച്ചെടുക്കുകയാണ് ചെയ്തത്. പിന്നീട് പാറ പൊട്ടിക്കാന്‍ ആരംഭിച്ചതോടെ വലിയ ശബ്ദവും പ്രകമ്പനവും ഉണ്ടാകാന്‍ തുടങ്ങുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയക്കുകയും പിന്നാലെ ഇവര്‍ പ്രവര്‍ത്തി നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ മണ്ണിടിച്ചില്‍ നടന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും പാറ പൊട്ടിക്കല്‍ നടന്നു. അതേസമയം പ്രദേശത്ത് പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്ന വാദമാണ് നഗരസഭ ഉയര്‍ത്തുന്നത്.

അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് പാറ പൊട്ടിക്കൽ നടന്ന സ്ഥല ഉടമ വാദിച്ചിരുന്നു. ഇതിനിടയിലാണ് പാറ പൊട്ടിക്കല്‍ നടന്നുവെന്ന് പ്രദേശവാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളിലും പ്രദേത്ത് ഉണ്ടായിട്ടില്ലെന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം നഗരസഭ ചെയര്‍പേഴ്‌സണ്‍ റിനീഷ അവകാശപ്പെട്ടിരുന്നു.

മണ്ണിടിച്ചിലുണ്ടായ എടായിപ്പാലം ഭാഗത്ത് നിന്നും മീറ്ററുകള്‍ക്ക് ഇപ്പുറത്തായി പാറ പൊട്ടിക്കല്‍ നടന്നിരുന്നു. ഇലക്ട്രിക്ക് ബ്ലാസ്റ്റിങ് എന്ന രീതിയാണ് ജനവാസ മേഖലയില്‍ നടത്തിയത്. നാട്ടുകാരടക്കം നേരിട്ടെത്തി സ്ഥലം ഉടമയോട് തങ്ങളുടെ ആശങ്ക ഉന്നയിച്ചിരുന്നു. ഇതോടെ പാറ പൊട്ടിക്കൽ നടന്നിടത്ത് ആരും കടക്കാത്ത രീതിയില്‍ വലിയ മതിലുകള്‍ സ്ഥാപിക്കുന്ന സാഹചര്യമുണ്ടായി. ജനവാസ മേഖലയില്‍ എങ്ങനെയാണ് ക്വാറിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവൃത്തി നടത്താന്‍ അനുമതി ലഭിച്ചതെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Content Highlights :A geologist has received a notice after Reporter news report raised concerns over alleged serious negligence related to the Panakkad landslide incident in Malappuram. Authorities are examining the matter following the report and have initiated action by issuing the notice.

dot image
To advertise here,contact us
dot image