നിയമപരിരക്ഷയും സുരക്ഷയുമില്ല; വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികള്‍

നിയമപരിരക്ഷയും സുരക്ഷയുമില്ല; വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി
dot image

കൊച്ചി: സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കീമ) നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി.

2024-ൽ കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരാജയപ്പെട്ടതിനെത്തുടർന്ന് സംഘടന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചല്ല ഇത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനമെന്ന് കീമ പ്രസിഡന്റ് നാരായണ മേനോന്‍, സെക്രട്ടറി ശ്രീകുമാര്‍ സി ബി എന്നിവര്‍ എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ലിഫ്റ്റുകളെ പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള അനുബന്ധ സംവിധാനങ്ങളില്ല. പിറ്റിന്റെ ആഴം, ഓവര്‍ഹൈഡ് ഉയരം, ലാന്‍ഡിംഗ് തുടങ്ങിയവ സംബന്ധിച്ച മാനദണ്ഡങ്ങളും വാക്വം ലിഫ്റ്റുകള്‍ പാലിക്കുന്നില്ല. ലിഫ്റ്റുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെയോ ഇലക്ട്രിക്കല്‍ ഇന്‍സ്പടറേറ്റിന്റെയോ യാതൊരു അനുമതിയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് കീമ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Also Read:

മുഖ്യധാരാമാധ്യമങ്ങളെ ഒഴിവാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അനധികൃത ഇടപാട് നടത്തുന്നത്. സാങ്കേതിക തകരാറ് മൂലം പല തവണ അപകടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിയമപരമായ യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ട് മൂടിവയ്ക്കപ്പെടുകയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരേ ഒരു കമ്പനിയാണ് നിര്‍മാണവും വില്‍പ്പനയും നടത്തുന്നത്. അനുമതിയില്ലാഞ്ഞിട്ടുപോലും കേരളത്തിലെ ചില മാളുകളില്‍ ഇവരുടെ ലിഫ്റ്റുകള്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഡെമോ മോഡലുകള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് നിയമനടപടിയിലൂടെ തടയിട്ടതാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും കച്ചവടവും നിര്‍ബാധം തുടരുകയാണ്. 2024-ലെ വിധിയെ തുടര്‍ന്ന് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന പൊതുനിര്‍ദ്ദേശം നല്‍കിയതല്ലാതെ ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കാനോ നടപടിയെടുക്കാനോ ഇലക്ട്രിക്കല്‍ ഇന്‍സപെക്ടറേറ്റ് തയാറായില്ല.

കോടതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം, ലിഫ്റ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നുണ്ട്. ഒന്നര മീറ്ററിലേറെ ഉയരത്തിലേയ്ക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ലൈസന്‍സും ആവശ്യമാണ്. എന്നാല്‍ ഇത്തരം അനുമതികള്‍ ഇല്ലാത്തതിനാല്‍ വാക്വം ലിഫ്റ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് സാധാരണയായി ഇന്‍ഷുറന്‍സ് സംരക്ഷണവും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഇത്തരം അനധികൃത ലിഫ്റ്റുകളില്‍ ഉണ്ടാകുന്ന അപായങ്ങള്‍ക്ക് യാതൊരു പരിരക്ഷയും ലഭിക്കില്ല. ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ ഇത്തരം അനധികൃത ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടപടി സ്വീകരിക്കണമെന്നും കീമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Content Highlights: The High Court has directed authorities to stop the operation of vacuum lifts, stating that they lack adequate legal safeguards and safety provisions. The court raised concerns over passenger safety and regulations.

dot image
To advertise here,contact us
dot image