

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവുണ്ടായേക്കാമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. സ്വർണ്ണവില ഔൺസിന് 3,857 ഡോളറിന് താഴേക്ക് പതിക്കുകയാണെങ്കിൽ ഒരുപക്ഷെ അത് 3,500 ഡോളർ വരേ പോയേക്കാം. ഇത് സംഭവിക്കുകയാണെങ്കിൽ, ജനുവരിയിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് ഏകദേശം 37 ശതമാനത്തോളം ഇടിവായിരിക്കും വിപണിയിലുണ്ടാകുക.
വേൾഡ് ഗോൾഡ് കൗൺസില്‍ റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4,063.80 ഡോളർ എന്ന നിരക്കിലാണ് സ്വർണ്ണ വ്യാപാരം നടന്നിരുന്നത്. കഴിഞ്ഞ ആഴ്ചയിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (LBMA) സ്വർണ്ണവിലയിൽ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,027 ഡോളറിലെത്തിയിരുന്നു. ഇതോടെ ഈ വർഷം ഇതുവരെയുള്ള ആകെ വിലയിടിവ് 7.8 ശതമാനമായി ഉയർന്നു. മാർച്ച് ആദ്യവാരം മുതൽ നിലനിൽക്കുന്ന വിലയിടിവിന്റെ ട്രെൻഡിൽ തന്നെയാണ് ഇപ്പോഴും വിപണി മുന്നോട്ട് പോകുന്നത്. വിപണി 3,943 ഡോളറിന് താഴേക്ക് പോയാൽ ഇടിവിന്റെ വ്യാപ്തി കൂടും.
യു എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങളെക്കുറിച്ചുള്ള നിക്ഷേപകരുടെ പ്രതീക്ഷകളാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അടുത്തിടെ നടന്ന വോട്ടെടുപ്പിൽ (9-3) ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പുറമെ, യു.എസ്-ഇറാൻ സംഘർഷങ്ങൾ മൂലമുണ്ടായ എണ്ണവില വ്യതിയാനങ്ങളും പണപ്പെരുപ്പ ആശങ്കകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. നിക്ഷേപകർ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിച്ചതോടെ സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപ വരവ് കുറയുകയും കോമെക്സിലെ നെറ്റ് ലോംഗ് പൊസിഷനുകൾ ഇടിയുകയും ചെയ്തു.
അതേസമയം, യുഎസ് ഡോളറിനെതിരെ ജാപ്പനീസ് യെൻ (Yen) കരുത്താർജ്ജിക്കുന്നത് സ്വർണ്ണത്തിന് ചെറിയ തോതിൽ ആശ്വാസമായേക്കാം. അമേരിക്കയും ജപ്പാനും സംയുക്തമായി വിപണിയിൽ നടത്തിയ ഇടപെടലിനെത്തുടർന്നാണ് യെൻ ശക്തിപ്പെട്ടത്. യെൻ ശക്തമാകുകയും ഡോളർ ദുർബലമാകുകയും ചെയ്യുന്ന പ്രവണത തുടർന്നാൽ അത് സ്വർണ്ണവിലയ്ക്ക് താങ്ങാകും.
Content Highlights: The World Gold Council has indicated that gold prices could fall by up to 37% under specific market scenarios. The assessment is based on changing macroeconomic conditions, including interest rates, investor sentiment, and global economic developments. However, the council notes that geopolitical risks and central bank demand could continue to influence long-term price trends.