

ന്യൂഡല്‍ഹി: ഡീപ്പ് ഫേക്ക്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സാങ്കേതിക പിഴവുകളിലും മെറ്റാ മേധാവി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചില്ല.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന വീഡിയോയാണ് മെറ്റ നീക്കം ചെയ്തത്. സാങ്കേതിക തകരാര്‍ മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു മെറ്റയുടെ വിശദീകരണം. മണിക്കൂറുകള്‍ക്കകം വീഡിയോ വീണ്ടും പബ്ലിക് ആക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് കൂടുതല്‍ മേല്‍നോട്ടമുണ്ടാകുമെന്ന് വ്യക്തമാക്കി മെറ്റ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയുടെയും വിഐപികളുടെയും പോസ്റ്റുകളില്‍ പരാതി ലഭിച്ചാല്‍ നടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം പരിശോധനകള്‍ക്ക് ശേഷമായിരിക്കും എന്നാണ് മെറ്റ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞത്.
മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. വീഡിയോ നീക്കം ചെയ്തതിനെത്തുടർന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തിയിരുന്നു. കടുത്ത ചോദ്യശരങ്ങളാണ് പാർലമെന്ററി സമിതി മെറ്റ പ്രതിനിധികൾക്ക് നേരെ ഉയർത്തിയത്. ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് മെറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
സംഭവത്തില്‍ സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണമെന്ന് നിഷികാന്ത് ദുബെ സമിതി യോഗത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു. സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ നിയമപ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന 'സേഫ് ഹാര്‍ബര്‍' നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
'ഇതാദ്യമായല്ല മെറ്റ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 2024-ല്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് പ്രസ്താവന നടത്തുകയും പിന്നീട് അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് മാപ്പുപറയണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ സെക്ഷന്‍ 79 പ്രകാരമുളള സേഫ് ഹാര്‍ബര്‍ ആനുകൂല്യം പിന്‍വലിക്കേണ്ടിവരും': നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.
Content Highlights: Meta CEO Mark Zuckerberg apologised to the Central Government over the controversy