മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം ആശങ്കാജനകമെന്ന് ഉടുമ്പൻചോല എംഎൽഎ

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം ആശങ്കാജനകമെന്ന് ഉടുമ്പൻചോല എംഎൽഎ
dot image

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം ആശങ്കാജനകമെന്ന് ഉടുമ്പന്‍ചോല എംഎല്‍എ സേനാപതി വേണു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ടിവികെയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ 152 അടിയായി ഉയര്‍ത്തും എന്നായിരുന്നു പ്രഖ്യാപനം. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിന്റെ പ്രഖ്യാപിത നയം 'കേരളത്തിന്റെ സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. പ്രഖ്യാപനം കേരളത്തെ സംബന്ധിച്ച് പ്രതികൂലമാണെന്നും സേനാപതി വേണു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റവതരണത്തിനിടെ ധനമന്ത്രി എന്‍ മരിയ വില്‍സണ്‍ ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം തമിഴ്‌നാട് നേടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയതും വിവാദമായിരുന്നു.

ടി കെ ശിവരാജനെയാണ് കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്. പകരം യുപി സ്വദേശിയായ എം എല്‍ ശര്‍മയെയാണ് നിയമിച്ചത്. വിമർശനം ശക്തമായതോടെ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ അശുതോഷ് ഡാഷിനെയാണ് സമിതിയിലേക്ക് നിയമിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷാ പരിശോധന സമിതി. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷിയാണ് സമിതി ചെയര്‍മാന്‍.

Content Highlights: Senapathy Venu Raises Concern Over Tamil Nadu Budget Announcement on Mullaperiyar Water Level

dot image
To advertise here,contact us
dot image