

കുവൈറ്റിലെ സഹകരണ മേഖലയിൽ സ്വദേശിവത്ക്കരണം വേഗത്തിലാക്കാൻ അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി 70 വയസ്സും അതിനുമുകളിലും പ്രായമുള്ള മുഴുവൻ ജീവനക്കാരുടെയും സേവനം 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ സാമൂഹികക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാനും പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങളും സർവീസ് ആനുകൂല്യങ്ങളും കൃത്യസമയത്ത് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സൂപ്പർവൈസറി തസ്തികകളിലും മറ്റ് പിന്തുണ തസ്തികകളിലും കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് മുൻഗണനാടിസ്ഥാനത്തിൽ മുതിർന്ന ജീവനക്കാരെ ഒഴിവാക്കാൻ സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻകാലങ്ങളിൽ ഭരണസമിതിയിലെ വ്യക്തിബന്ധങ്ങളുടെയോ തിരഞ്ഞെടുപ്പ് താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങൾ ഒഴിവാക്കി സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു. തൊഴിൽ രംഗത്ത് തുല്യ അവസരങ്ങളും നീതിപൂർവ്വമായ അന്തരീക്ഷവും ഉറപ്പാക്കാൻ തീരുമാനം സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Kuwait is moving ahead with stricter workforce nationalization measures. Authorities have decided to remove employees aged above 70 as part of efforts to increase opportunities for citizens in the job market.