

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു.
പ്രോസിക്യൂഷന്, പരാതിക്കാര്‍, പ്രതികള്‍ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് മോഹനാണ് ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായത്. 2023 ഏപ്രില്‍ 21ന് ആണ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ഏഴ് വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്.
പരാതിയില്‍ കോണാട്ട് പ്ലേസ് പൊലീസ് കേസ് എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 28ന് ബ്രിജ് ഭൂഷണിനെതിരെ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ കേസ് ഉള്‍പ്പടെ ചുമത്തിയായിരുന്നു ബ്രിജ് ഭൂഷണെതിരെ കേസ് എടുത്തിരുന്നത്.
എന്നാല്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ പോക്സോ കേസ് ഡല്‍ഹി കോടതി നേരത്തെ അവസാനിപ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ബ്രിജ് ഭൂഷണെതിരായ കേസ് അവസാനിപ്പിച്ചത്. കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തയാണെന്നും വിഷയത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം 2023 ഓഗസ്റ്റ് 1-ന് നടന്ന വിചാരണയില്‍ ജഡ്ജിയോട് പറഞ്ഞിരുന്നു. ഇതോടെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് കേസ് അവസാനിപ്പിക്കാനുളള നീക്കം നടത്തിയത്.
അതേസമയം ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഈയടുത്ത ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു. ബ്രിജ് ഭൂഷണെതിരെ അന്ന് പരാതി നല്കിയ ആ ആറ് വനിതാ താരങ്ങളില്‍ ഒരാള്‍ താനെന്നാണ് വിനേഷ് ഫോഗാട്ട് തന്റെ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
Content Highlights: A Delhi court has acquitted BJP leader and former Wrestling Federation of India president Brij Bhushan Singh in the case related to allegations raised by wrestlers