നാട് ഭീതിയിലിരിക്കെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി സമയം ചെലവഴിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി:AA റഹീം

അടിയന്തരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും എ എ റഹീം

നാട് ഭീതിയിലിരിക്കെ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി സമയം ചെലവഴിച്ചത് ജനങ്ങളോടുള്ള വെല്ലുവിളി:AA റഹീം
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപി. മഴക്കെടുതി നിലനില്‍ക്കെ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാഫഖി തങ്ങളുടെ വീട്ടില്‍ സൗഹൃദ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി എത്തിയതും വിരുന്നിന് പങ്കെടുത്തതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു എ എ റഹീമിന്റെ വിമര്‍ശനം. ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണെന്നും
പിന്നെ ഉറപ്പ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ചെലവഴിച്ച നിമിഷങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ് വീഡിയോയും എംപി പങ്കുവെച്ചു.

'സംസ്ഥാനം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക കടമയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും ഏകോപിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണിത്. എന്നാല്‍, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി', എ എ റഹീം പറഞ്ഞു.

നാട് മുഴുവന്‍ ഭീതിയിലും ആശങ്കയിലും കഴിയുമ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാള്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. അടിയന്തരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുത്തതില്‍ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

'മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി' എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. 'നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നു പോവുകയാണോ?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights: DYFI All India President and MP A A Rahim has criticised Chief Minister V D Satheesan

dot image
To advertise here,contact us
dot image