മുഖ്യമന്ത്രി വിരുന്നിനെത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് യൂത്ത് ലീഗ് നേതാവ്; നാട് മുങ്ങുമ്പോൾ വിരുന്നോ എന്ന് വിമർശനം

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി സരിന്‍ അടക്കമുള്ളവരും രംഗത്തെത്തി

മുഖ്യമന്ത്രി വിരുന്നിനെത്തിയ ദൃശ്യങ്ങൾ പങ്കുവെച്ച് യൂത്ത് ലീഗ് നേതാവ്; നാട് മുങ്ങുമ്പോൾ വിരുന്നോ എന്ന് വിമർശനം
dot image

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

'മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി' എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്. 'നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നു പോവുകയാണോ?' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി സരിന്‍ അടക്കമുള്ളവരും രംഗത്തെത്തി. 'കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍' എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോട്ടയം പൂഞ്ഞാറിലെ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചിരുന്നു. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. കൊണ്ടോട്ടിയില്‍ നാല് വയസുകാരനും തിരുവാലിയില്‍ രണ്ടര വയസുകാരനുമാണ് മരിച്ചത്. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായിരുന്നു. പല സ്ഥലങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. സംസ്ഥാനത്ത് ഇതുവരെ 65 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി 1465 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Content Highlights- A Youth League leader shared visuals of Chief Minister attending a feast and criticized the event while parts of Kerala faced flood-related issues.

dot image
To advertise here,contact us
dot image