മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക, പ്രത്യേക നിയമനം; അഭിഭാഷക നിയമനത്തിൽ വീണ്ടും വിവാദം

മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോണ്‍ വര്‍ഗ്ഗീസിന് നിയമനം നല്‍കിയത്

മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക, പ്രത്യേക നിയമനം; അഭിഭാഷക നിയമനത്തിൽ വീണ്ടും വിവാദം
dot image

കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക താല്‍പര്യപ്രകാരം അസാധാരണ ശമ്പളത്തില്‍ പുതിയ തസ്തികയില്‍ പ്രത്യേകം നിയമനം നൽകിയതിലാണ് വിവാദം. മുഖ്യമന്ത്രിയുടെ സീനിയര്‍ ലീഗല്‍ കോണ്‍സല്‍ എന്ന തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോണ്‍ വര്‍ഗ്ഗീസിന് നിയമനം നല്‍കിയത്. അഡ്വക്കറ്റ് ജനറലിന് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമേ ജോണ്‍ വര്‍ഗ്ഗീസ് ഹാജരാകുന്ന ഓരോ കേസിനും പതിനയ്യായിരം രൂപ വീതം പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ 140ലധികം സര്‍ക്കാര്‍ അഭിഭാഷകരും അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍മാര്‍ തുടങ്ങിയ പ്രമുഖ തസ്തികകളും നിലനില്‍ക്കെയാണ് പ്രത്യേക തസ്തിക സൃഷ്ടിച്ചുള്ള നിയമനം. ഇതിന് ദിവസങ്ങള്‍ മാത്രം മുന്‍പാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ താല്‍പര്യ പ്രകാരം സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായര്‍ക്കും ശമ്പളമാറ്റം നല്‍കി ഉത്തരവിറക്കിയത്. സ്റ്റേറ്റ് അറ്റോര്‍ണിയുടെ തസ്തിക അഡീഷണല്‍ അഡ്വക്കറ്റ് ജനറലിന് തുല്യമാക്കിയാണ് ഉത്തരവിറക്കിയത്. മുന്‍ സര്‍ക്കാരില്‍ 120 അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്.

നേരത്തെ അഭിഭാഷക നിയമന ചട്ടത്തില്‍ ഇല്ലാത്ത തസ്തികയിലാണ് സുപ്രീംകോടതി അഭിഭാഷകനായ രമേഷ് ബാബുവിനെ നിയമിച്ചത്. സ്റ്റാന്‍ഡിംഗ് കോണ്‍സല്‍, സ്‌പെഷ്യല്‍ കോണ്‍സല്‍ തസ്തികകള്‍ മാത്രമേ നിലവിലുള്ളൂ എന്നിരിക്കെയാണ് സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയി രമേഷ് ബാബുവിനെ നിയമിച്ചത്. 65 വയസെന്ന പ്രായപരിധി മറികടന്നാണ് രമേഷ് ബാബുവിന്റെ നിയമനം എന്നാണ് ഉയര്‍ന്ന വിമര്‍ശനം.

നിയമം മറികടന്നാണ് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന അഭിഭാഷക നിയമനങ്ങള്‍ എന്നും സ്വജനപക്ഷപാതം ഉള്‍പ്പടെയുള്ള ആക്ഷേപങ്ങളും ലോയേഴ്‌സ് കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നുണ്ട്. നിയമ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അസാധാരണ ആനുകൂല്യങ്ങളോടെ അഭിഭാഷക നിയമനങ്ങള്‍ നടത്തുന്നത്. അഭിഭാഷക നിയമനത്തില്‍ ഒരിടത്തും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സംഘടനാ താല്‍പര്യങ്ങള്‍ നടപ്പായില്ല. ഇതില്‍ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമാണ്. പുതിയ നിയമനവും തസ്തിക പുനര്‍ നിര്‍ണ്ണയവും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.

Content Highlights: Controversy Erupts Over High Court Advocate Appointments

dot image
To advertise here,contact us
dot image