കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ; കെ എ രതീഷും ആര്‍ ചന്ദ്രശേഖരനും പ്രതികൾ

കഴിഞ്ഞ ദിവസം കെ എ രതീഷ് മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ; കെ എ രതീഷും ആര്‍ ചന്ദ്രശേഖരനും പ്രതികൾ
dot image

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെ എ രതീഷും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമാണ് കുറ്റപത്രത്തിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ പെരുമാറ്റ ദൂഷ്യ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കുറ്റപത്രം നല്‍കിയെന്ന് സിബിഐ ഹൈക്കോടതിയെയും അറിയിച്ചു. രതീഷാണ് കേസിലെ ഒന്നാം പ്രതി.

നിലവിൽ മൂന്ന് പ്രധാന സ്ഥാനങ്ങളും രതീഷ് കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം കെ എ രതീഷിനോട് മൂന്ന് സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി, കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്‌സ് വ്യാവസായിക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (റൂട്രോണിക്‌സ്) മാനേജിങ് ഡയറക്ടര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ പദവികളിലാണ് നിലവില്‍ കെ എ രതീഷ് പ്രവര്‍ത്തിക്കുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്നു കെ എ രതീഷ്. കഴിഞ്ഞ ദിവസം കെ എ രതീഷ് മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കെ എ രതീഷ് മൂന്ന് പദവികളില്‍ തുടരുകയാണെന്ന് ഹര്‍ജിക്കാരനായ കെ എം ഷാജഹാന്‍ വാദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഴിമതി കേസിലെ ഒന്നാം പ്രതിയായ ആളെ നിര്‍ണായക പദവികളില്‍ തുടരാന്‍ അനുവദിക്കുന്നതിനെ ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യം ചെയ്തത്.

2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രതീഷ് ഒന്നാം പ്രതിയും ആര്‍ ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്.

Content Highlights: Chief Minister V D Satheesan has directed K A Ratheesh, the first accused in the Cashew Development Corporation corruption case, to step down from three positions he holds

dot image
To advertise here,contact us
dot image