പെഡ്രിയുടെ '190726' പ്രവചനം സത്യമായി, ജൂലൈ 19-ന് സ്‌പെയിന് രണ്ടാം ലോക കിരീടം

മാസങ്ങള്‍ക്ക് മുമ്പ് താരം നടത്തിയ പ്രവചനമാണ് കൃത്യമായത്

പെഡ്രിയുടെ '190726' പ്രവചനം സത്യമായി, ജൂലൈ 19-ന് സ്‌പെയിന് രണ്ടാം ലോക കിരീടം
dot image

'ഇത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നു!' ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്‍ കിരീടം ചൂടിയതിന് പിന്നാലെ സ്പാനിഷ് മധ്യനിര താരം പെഡ്രിയുടെ പഴയൊരു പ്രവചനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 2026 ജൂലൈ 19-ന് സ്‌പെയിന്‍ ലോകകപ്പ് നേടുമെന്ന പെഡ്രിയുടെ '190726' എന്ന പ്രവചനമാണ് ഇപ്പോള്‍ കൃത്യമായത്. 2025 ജൂണ്‍ പത്തിനാണ് അദ്ദേഹം പ്രവചനം നടത്തിയത്.
ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മത്സരം 90 മിനിറ്റും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്ന് അധികസമയത്തിന്റെ 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്.


മത്സരവിജയത്തിന് പിന്നാലെ, മാസങ്ങള്‍ക്ക് മുമ്പ് പെഡ്രി നടത്തിയ ഒരു അഭിമുഖവും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുമാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായത്. '190726' എന്ന തീയതി തന്റെ മനസ്സിലുണ്ടെന്നും അന്ന് സ്‌പെയിന്‍ ലോകത്തിന്റെ നെറുകയില്‍ എത്തുമെന്നും പെഡ്രി മുന്‍പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ പ്രവചനം യാഥാര്‍ത്ഥ്യമായതോടെ 'പെഡ്രിക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടോ?' എന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി.
പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിലെ ചില മത്സരങ്ങള്‍ നഷ്ടമായെങ്കിലും സ്പാനിഷ് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് പെഡ്രി. ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ യുവതാരങ്ങളുടെ കരുത്തുമായി ഇറങ്ങിയ സ്‌പെയിന്‍, ഫൈനലില്‍ പത്ത് പേരായി ചുരുങ്ങിയ അര്‍ജന്റീനയെയാണ് തകര്‍ത്തത്.


യൂറോപ്യന്‍ ഫുട്‌ബോളില്‍ തോല്‍വിയറിയാതെ 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിനിന്റെ ഈ ലോകകപ്പ് വിജയം പെഡ്രിയുടെ പ്രവചനത്തോടെ കൂടുതല്‍ സവിശേഷമായി മാറിയിരിക്കുകയാണ്. 'ഇതൊരു വെറും പ്രവചനമല്ല, കഠിനാധ്വാനത്തിലൂടെ ഞങ്ങള്‍ എഴുതിച്ചേര്‍ത്ത ചരിത്രമാണ്,' എന്നാണ് കിരീടനേട്ടത്തിന് ശേഷം പെദ്രി പ്രതികരിച്ചത്.

content highlights: Pedri's '190726' prophecy comes true: Spain clinches second World Cup title on July 19

dot image
To advertise here,contact us
dot image