

യുഎഇയിൽ വാഹന റേസിംഗിനോടുള്ള കമ്പം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾക്കായി സ്കൂൾ തലത്തിൽ ആദ്യമായി മോട്ടോർസ്‌പോർട്ട് അക്കാദമി ഒരുങ്ങുന്നു. ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ ആണ് 2026-27 അധ്യയന വർഷം മുതൽ ഈ പുതിയ പാഠ്യപദ്ധതി ആരംഭിക്കുന്നത്. റേസിംഗിന് അപ്പുറം, എഞ്ചിനീയറിങ്, ടെക്നോളജി, റേസ് സ്ട്രാറ്റജി, ബിസിനസ്സ് സ്കില്ലുകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു പഠനരീതിയാണ് അക്കാദമി വിഭാവനം ചെയ്യുന്നത്.
സ്കൂളിലെ നാല് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ഈ പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുക. പദ്ധതിയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം പഠനത്തിന് പുറമെ, ദുബായ് മോട്ടോർ സിറ്റിയിലെ പ്രശസ്തമായ 'ദുബായ് ഓട്ടോഡ്രോമി'ൽ ആഴ്ചതോറും പ്രായോഗിക പരിശീലനവും നൽകും. കേവലം പരമ്പരാഗത കായിക വിനോദങ്ങൾക്കപ്പുറം, ആഗോളതലത്തിൽ അതിവേഗം വളരുന്ന ഒരു വ്യവസായ മേഖലയിൽ കുട്ടികൾക്ക് നേരിട്ട് പരിചയസമ്പത്ത് നൽകുകയാണ് ലക്ഷ്യം. യുഎഇയിൽ ഫോർമുല വൺ, കാർട്ടിംഗ്, സിമുലേഷൻ റേസിംഗ് എന്നീ കാർ റേസിംഗ് വിനോദങ്ങൾക്ക് യുവാക്കൾക്കിടയിൽ ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഇങ്ങനെ ഒരു പദ്ധതിക്ക് പിന്നിൽ.
എല്ലാ കുട്ടികളും ഒരുപോലെയല്ലെന്നും പരമ്പരാഗത കായിക ഇനങ്ങളിൽ താൽപ്പര്യമില്ലാത്ത കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ അക്കാദമി രൂപീകരിച്ചിട്ടുള്ളതെന്നും ജെംസ് എസ്ആർഐ ഫ്യൂച്ചേഴ്സ് ഡയറക്ടർ ജോഷ്വ ലെവെൻസൺ പറഞ്ഞു. റേസിംഗിലൂടെ വിദ്യാർത്ഥികളിൽ നേതൃപാടവം, ടീം വർക്ക്, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി എന്നിവ വളർത്തിയെടുക്കാൻ സാധിക്കും. വെറുമൊരു കളി എന്നതിലുപരി എഞ്ചിനീയറിംഗ്, ഡാറ്റ അനാലിസിസ്, ഡിസൈൻ, മീഡിയ, ബിസിനസ്സ് എന്നിങ്ങനെ നിരവധി തൊഴിൽ മേഖലകളെ പരിചയപ്പെടാൻ ഇത് കുട്ടികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർസ്‌പോർട്ട് എന്ന് കേൾക്കുമ്പോൾ ഡ്രൈവർമാരെ മാത്രമാണ് എല്ലാവരും ഓർക്കാറുള്ളതെങ്കിലും അതിന് പിന്നിൽ വലിയൊരു സാങ്കേതിക-ബിസിനസ്സ് ലോകമുണ്ടെന്നാണ് ജെംസ് സ്കൂൾ അധികൃതരുടെ വാദം. റേസിംഗിനോടുള്ള ഇഷ്ടം കാരണം അക്കാദമിയിൽ ചേരുന്ന ഒരു കുട്ടിക്ക് പിന്നീട് എഞ്ചിനീയറിംഗിലോ ഡിസൈനിംഗിലോ സംരംഭകത്വത്തിലോ താൽപ്പര്യം കണ്ടെത്താൻ ഇത് വഴിതുറക്കും. പുതിയ അക്കാദമിക്ക് യുഎഇയിലെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വലിയ പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ പരിശീലനവും മേൽനോട്ടവും ഉറപ്പാക്കാൻ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Content Highlights: The UAE plans to establish a motorsport academy at the school level, integrating car racing into the curriculum. The initiative aims to identify and develop young talent while promoting motorsport education and road safety awareness.