

സ്കൂൾ അവധിക്കാലവും ഓണവും പ്രമാണിച്ച് നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസമായി എത്തിഹാദ് എയർവേയ്‌സ്. പരിമിതകാലത്തേയ്ക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചാണ് യുഎഇയുടെ ദേശീയ എയർലൈൻസ് രംഗത്തെത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ എത്തിഹാദ് സർവ്വീസ് നടത്തുന്ന 45-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രയിൽ ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടാണ് യുഎഇയുടെ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
നാട്ടിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന ഈ സമയത്ത് പ്രഖ്യാപിക്കപ്പെട്ട ഈ ഓഫർ വേനൽക്കാല അവധിക്കാല യാത്രകൾക്കും കുടുംബസംഗമങ്ങൾക്കുമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ആശ്വാസമാകും. ജൂലൈ 20 മുതൽ ജൂലൈ 26 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ പ്രത്യേക ഇളവ് ലഭിക്കുക. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് ഓഗസ്റ്റ് ഒന്ന് മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാം. അതുകൊണ്ട് തന്നെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ ഓണാഘോഷങ്ങൾക്ക് നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വ്യോമപാത നിയന്ത്രണങ്ങളും കാരണം അബുദാബിക്കും കുവൈറ്റിനും ഇടയിലുള്ള ചില സർവ്വീസുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകളെ ഇതൊന്നും ബാധിക്കാതെ കൃത്യമായി എത്തിഹാദ് നിലനിർത്തുന്നുണ്ട്. നവംബർ അവസാനം വരെയുള്ള യാത്രകൾക്കായി ജൂലൈ 26-നകം ടിക്കറ്റുകൾ ബുക്ക് ചെയ്ത് പ്രവാസി മലയാളി കുടുംബങ്ങൾക്ക് ഈ വൻ ഇളവ് സ്വന്തമാക്കാവുന്നതാണ്.
Content Highlights: Etihad Airways has introduced a 20% airfare discount, bringing welcome relief to Malayali expatriates and other travelers flying from the UAE. The offer is expected to help passengers reduce travel costs during the promotional period.