കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ

ജീവനക്കാരുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ
dot image

കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്നും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ധാരണയായതായാണ് മന്ത്രി പറഞ്ഞത്. ഫലപ്രദമായ ചര്‍ച്ചയാണ് നടന്നതെന്നും വളരെ സന്തോഷത്തോടെയാണ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനമെടുത്തിട്ടുള്ളത്. പന്ത്രണ്ട് ശതമാനം ആളുകളെ മറ്റ് സ്ഥാപനങ്ങളിലേക്ക് ക്രമീകരിക്കാം എന്ന് കമ്പനി അറിയിച്ചു. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉള്ളതിനാല്‍ ആ നിര്‍ദ്ദേശം നിരസിച്ചുവെന്നും മന്ത്രി പറഞ്ഞു. അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചക്കുള്ളില്‍ നല്‍കും. നേരത്തെ നല്‍കിയ രണ്ടുമാസം കൂടാതെയാണ് ഇത്. മറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് കയറാനുള്ള രേഖകള്‍ നല്‍കും. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് രേഖകള്‍ അടക്കം എല്ലാ രേഖകളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Also Read:

കോറോ ഹെല്‍ത്തിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂലൈ പത്താം തീയതി മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. അന്ന് നടത്തിയ ചര്‍ച്ചയില്‍ കമ്പനി നഷ്ടത്തിലാണെന്നും അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞത്. ഇതിനായി സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ജീവനക്കാര്‍ വീട്ടിലിരിക്കട്ടെ എന്നായിരുന്നു കമ്പനി പറഞ്ഞത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അനുനയ നീക്കമെന്ന നിലയിലാണ് ഇന്നും വീണ്ടും ചര്‍ച്ച നടന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുകയും കമ്പനി ഇത് അംഗീകരിക്കുകയുമായിരുന്നു.

Content Highlights- Minister Bindu Krishna said that discussions over the mass layoffs at Coro Health ended with an agreement

dot image
To advertise here,contact us
dot image