

കൊച്ചി: മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ പരസ്യമായി തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. ചിലയാളുകള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ബോധപൂര്‍വ്വം കരിവാരി തേക്കുന്നു എന്നായിരുന്നു വിമര്‍ശനം. കെഎസ്‌യുവിലെ വി ഡി വിഭാഗം നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നല്‍കിയത്. ആ പട്ടികയേ പാര്‍ട്ടിക്ക് പരിഗണിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സതീശിനെ അനുകൂലിച്ച് മുബാസിന്റെ വിശദീകരണം. പ്ലീഡറായി നിയമിക്കപ്പെട്ട ശരത്ത് 2019 മുതല്‍ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശരത്ത് യൂത്ത് കോണ്‍ഗ്രസിന്റേയും സജീവ പ്രവര്‍ത്തകനാണ്. സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണെന്നും മുബാസ് തുറന്നടിച്ചു.
വിഷയത്തില്‍ കെപിസിസിക്കോ മുഖ്യമന്ത്രിക്കോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും മുബാസ് ചൂണ്ടിക്കാട്ടുന്നു. മീഡിയയ്ക്ക് പ്രതികരണം നല്‍കി, ആക്ഷേപങ്ങള്‍ ചൊരിഞ്ഞതിനുശേഷം ആണോ കൂടിക്കാഴ്ചയ്ക്ക് സമയം തേടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പ്രശ്‌നപരിഹാരമല്ല ലക്ഷ്യം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയും കരിവാരി തേക്കാനാണ് നീക്കം. ഗൗരവ സ്വഭാവമുള്ള വിഷയം മാധ്യമങ്ങള്‍ നോക്കിനിൽക്കെയാണോ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ പോകേണ്ടതെന്നും മുബാസ് ചോദിച്ചു. മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമാണിതെന്നും കൃത്യമായ അജണ്ടയാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭയുടെ ശോഭ കെടുത്താനുള്ള ശ്രമമാണിതെന്നും ആരെയും സംഘി ചാപ്പ കുത്തി മാറ്റി നിര്‍ത്തുന്നതല്ല കെഎസ്‌യുവിന്റെ രാഷ്ട്രീയമെന്നും മുബാസ് വ്യക്തമാക്കി.
അലോഷ്യസിന് എതിരെ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറി സൈദ് എം താജുവും രംഗത്തുവന്നു. വെള്ളാപ്പള്ളിയെയും സുകുമാരന്‍ നായരെയും പോലെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുതെന്നായിരുന്നു വിമര്‍ശനം. വിയോജിപ്പും പരാതികളും ഉണ്ടെങ്കില്‍ പത്രക്കാരെ അറിയിച്ച ശേഷമല്ല മുഖ്യമന്ത്രിയെ അറിയിക്കേണ്ടത്. യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവന്നത് കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും മാത്രമല്ല, പൊതുസമൂഹം കൂടിയാണ്. മുഖ്യമന്ത്രി നുണയനും അഹങ്കാരിയും ആണെന്ന് പറയുന്ന സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും പ്രസ്താവനകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് അലോഷ്യസിൻ്റെ നിലപാടെന്നും സൈദ് ആഞ്ഞടിച്ചു.
Content Highlights: The rift within KSU intensified as General Secretary Mubas Odakkali openly criticised State President Aloysius Xavier during a press conference by leaders aligned with the V.D. Satheesan faction. He accused certain individuals of deliberately attempting to damage the reputation of the government and the Chief Minister.