മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ മഞ്ഞുരുക്കം; കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു

അലോഷ്യസ് സേവ്യറിന് കുടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നല്‍കും എന്നും വിവരമുണ്ട്

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ മഞ്ഞുരുക്കം; കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു
dot image

കോട്ടയം: വിവാദ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട കെഎസ്‌യു മുഖ്യമന്ത്രി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നതായി വിവരം. തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. അലോഷ്യസ് സേവ്യറിന് കുടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നല്‍കും എന്നും വിവരമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സണ്ണി ജോസഫിന്റെ ഇടപെടല്‍. വിഷയത്തില്‍ കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഇന്ന് കെപിസിസി പ്രസിഡന്റിനെ കണ്ടിരുന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നായിരുന്നു പിന്നാലെ അദ്ദേഹം പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റിന്റെ ഇടപെടലെന്നാണ് ലഭിക്കുന്ന വിവരം.

കെഎസ്‌യുവും സര്‍ക്കാരും രണ്ട് തട്ടില്‍ അല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് പ്രതികരിച്ചത്. കോണ്‍ഗ്രസ് വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള പാര്‍ട്ടിയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട്. വ്യത്യസ്ത ആശയങ്ങള്‍ ക്രോഡീകരിച്ച് ഒറ്റ അഭിപ്രായത്തിലേക്ക് എത്തുകയാണ് പാര്‍ട്ടി രീതിയെന്നും എല്ലാം പാര്‍ട്ടി കേള്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം കേരളത്തിന്റെ മുഖ്യമന്ത്രി കാണാതെ പോകില്ല. അദ്ദേഹം കെഎസ്യുവിന്റെയും കോണ്‍ഗ്രസിന്റെയും മാത്രം മുഖ്യമന്ത്രിയല്ല. അദ്ദേഹത്തിന് തിരക്കുകള്‍ ഉണ്ട്. അത് തങ്ങള്‍ മാനിക്കുന്നു എന്നും അലോഷ്യസ് പ്രതികരിച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ അലോഷ്യസിനെതിരെ പരസ്യമായി തുറന്നടിച്ചായിരുന്നു വിഡി പക്ഷ കെഎസ്‌യു നേതാക്കളുടെ പ്രതികരണം. ചിലയാളുകള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ബോധപൂര്‍വ്വം കരിവാരി തേക്കുന്നു എന്നായിരുന്നു വിമര്‍ശനം. സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി ഫോറങ്ങളിലാണെന്നും വിഷയത്തില്‍ കെപിസിസിക്കോ മുഖ്യമന്ത്രിക്കോ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും മുബാസ് ചൂണ്ടിക്കാട്ടിയിരുന്നു. മീഡിയയ്ക്ക് പ്രതികരണം നല്‍കി, ആക്ഷേപങ്ങള്‍ ചൊരിഞ്ഞതിനുശേഷം ആണോ കൂടിക്കാഴ്ചയ്ക്ക് സമയം തേടേണ്ടതെന്നും അവര്‍ ചോദിച്ചു. പ്രശ്നപരിഹാരമല്ല ലക്ഷ്യം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയും കരിവാരി തേക്കാനാണ് നീക്കം. ഗൗരവ സ്വഭാവമുള്ള വിഷയം മാധ്യമങ്ങള്‍ നോക്കിനില്‍ക്കെയാണോ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ പോകേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ചോദിച്ചിരുന്നു. മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമാണിതെന്നും കൃത്യമായ അജണ്ടയാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlights: The KSU–Chief Minister dispute over the controversial pleader appointment appears to be moving towards a resolution. Reports indicate that KPCC President Sunny Joseph held discussions with the Chief Minister and may facilitate a meeting with KSU State President Aloysius Xavier following consultations with senior Congress leaders.

dot image
To advertise here,contact us
dot image