

കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരെങ്കിലും തെളിക്കുന്ന വഴിയേ അല്ല പോകേണ്ടതെന്ന ബോധ്യം സിപിഐക്ക് ഉണ്ടെന്ന് ബിനോയ് വിശ്വം കുറിച്ചു. 'സിപിഐക്ക് പിടിവാശി ഇല്ല, നിലപാട് ഉണ്ട് എന്നുപറഞ്ഞാല്‍ ആവശ്യത്തില്‍ നിന്ന് പിന്‍വാങ്ങി എന്ന് വ്യാഖ്യാനിക്കാന്‍ കുറേപ്പേര്‍ ഉണ്ടാകും. അതുകേട്ടപാടേ ചീത്ത വിളിക്കാന്‍ മറ്റുകുറേപ്പേര്‍ ഉണ്ടാകും. അത്തരക്കാര്‍ തെളിക്കുന്ന വഴിയേ അല്ല പോകേണ്ടതെന്ന് സിപിഐക്ക് ബോധ്യമുണ്ട്', എന്നാണ് ബിനോയ് വിശ്വം ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തില്‍ സിപിഐക്ക് ഒരു വാശിയുമില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പ്രതികരിച്ചിരുന്നു. എല്ലാത്തിലും ഉപരി ഇടതുപക്ഷ ഐക്യമാണ് പ്രധാനപ്പെട്ടതെന്ന് സിപിഐക്ക് അറിയാം. ആ ഐക്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളത്തിലെ എല്‍ഡിഎഫിനെ കൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ-സിപിഐഎം തര്‍ക്കമില്ല. സിപിഐഎം ബന്ധം ഊഷ്മളമാക്കാനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐയുടെ വാതില്‍ ചര്‍ച്ചക്കായി എപ്പോഴും തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ സഖ്യശക്തി സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉപനേതാവ് പദവി സിപിഐക്ക് നല്‍കുന്ന കാര്യം ഇനി ആലോചിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു സിപിഐഎം സിപിഐയെ അറിയിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് ഇക്കാര്യം ബിനോയ് വിശ്വത്തെ അറിയിച്ചത്. ഇത് മനസിലാക്കി സിപിഐഎമ്മിനോട് സഹകരിക്കണമെന്നായിരുന്നു ആവശ്യം.
Content Highlights: CPI State Secretary Binoy Viswam has responded through social media amid the ongoing controversy over the Deputy Opposition Leader post.