

കൊച്ചി: ടാല്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടലില്‍ തൊഴില്‍ ഭവനില്‍ ചര്‍ച്ച നടന്നു. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ എല്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികള്‍, കമ്പനി അധികൃതര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജീവനക്കാരുടെ ശമ്പളം, സെറ്റില്‍മെന്റ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.
സ്ഥാപനത്തില്‍ ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കെ എം സുനില്‍ പ്രതികരിച്ചു. തൊഴിലാളികളുടെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജീവനക്കാര്‍ തന്നെയാണ് എത്തിയത്. കമ്പനിയെ പ്രതിനിധീകരിച്ച് സിഇഒ ജോണ്‍ ജോസഫ് ആണ് പങ്കെടുത്തത്. 608 ഓളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ശമ്പള കുടിശ്ശിക ഇപ്പോഴും കമ്പനി നല്‍കിയിട്ടില്ല. കമ്പനി വലിയ നഷ്ടത്തില്‍ ആണെന്ന് സിഇഒ ചര്‍ച്ചയില്‍ അറിയിച്ചു.
ശമ്പള കുടിശ്ശിക ഇപ്പോള്‍ നല്‍കാന്‍ ആകില്ലെന്നും സിഇഒ പറഞ്ഞു. അടുത്ത ഒക്ടോബര്‍ വരെ കമ്പനി സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാന്‍ സഫീര്‍ തന്നെ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 ന് മുന്‍പ് വീണ്ടും യോഗം ചേരും. ജോലി തിരിച്ചു കിട്ടണമെന്ന് ഒരു തൊഴിലാളിയും യോഗത്തില്‍ അറിയിച്ചില്ല. ശമ്പള കുടിശ്ശിക ലഭിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 21 സ്റ്റാര്‍ട്ടപ്പുകളിലേക്ക് ജീവനക്കാരെ മാറ്റിയത് തികഞ്ഞ നിയമലംഘനമാണ്.
നാളെ മുതല്‍ തന്നെ തൊഴില്‍ വകുപ്പ് കണക്കെടുപ്പ് നടത്തും. കമ്പനി ഉടമ പങ്കെടുക്കാതെ സിഇഒ പങ്കെടുത്തു. 25ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകും. ശമ്പള കുടിശ്ശിക നല്‍കാന്‍ ഒക്ടോബര്‍ വരെ ആണ് കമ്പനി ആവശ്യപ്പെട്ടത്. ഇത് തൊഴില്‍ വകുപ്പ് ഒരിക്കലും അംഗീകരിക്കുന്നില്ല. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമാണ് ശമ്പളം. റവന്യൂ റിക്കവറി അടക്കം നടപടികള്‍ കമ്പനി നേരിടേണ്ടി വരുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ താക്കീത് നല്‍കി.
Content Highlights: talrop company mass layoff labour department discussion at labour bhavan