

ന്യൂഡല്‍ഹി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ രംഗത്ത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നാണ് വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി പി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഡല്‍ഹി എന്‍എസ്എസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഡല്‍ഹിയിലെ മന്നം സ്മൃതിയില്‍ എല്ലാവര്‍ക്കും വരാമെന്നും വ്യക്തമാക്കി. ദില്ലിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്ത് പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയത് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും മാത്രം ശ്രമം കൊണ്ടല്ലെന്നും അത് മന്നത്ത് പദ്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്‌നം കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചത്. ഒന്നുകില്‍ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കും അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബദല്‍ മാര്‍ഗങ്ങളും ഉയര്‍ന്ന് വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപം ഏറെ നാളത്തെ സ്വപ്‌നമായിരുന്നെന്നും അത് യഥാര്‍ഥ്യമായെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ഡല്‍ഹി എന്‍എസ്എസാണ് മന്നം സ്മൃതി മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത്. പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചെന്ന് പരാതിപ്പെട്ട ആനന്ദ ബോസിന്റ നിര്‍ദ്ദേശ പ്രകാരമാണ് ഡല്‍ഹിയില്‍ മന്നം സ്മൃതി മണ്ഡപം നിര്‍മ്മിച്ചത്. ഡെല്‍ഹിയില്‍ ഇന്ന് നടന്ന പരിപാടിയില്‍ ആനന്ദ ബേസും പങ്കെടുത്തിരുന്നു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് സുകുമാരന്‍ നായര്‍ അനുമതി നല്‍കിയിരുന്നില്ല.
Content Highlights: Vice President C P Radhakrishnan has publicly criticised NSS General Secretary Sukumaran Nair, urging that no individual should act as though they alone represent the organisation. He emphasised that the legacy of Mannath Padmanabhan is collective and called for an inclusive approach that welcomes everyone.