നന്മ നിറഞ്ഞ തീരുമാനം; രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാനുള്ള നടപടിയിൽ മന്ത്രിയെ അഭിനന്ദിച്ച് ഹാരിസ് ചിറക്കൽ

വളരെ വേഗം മുന്നേറുന്ന ആധുനിക ചികിത്സാരീതികള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നടപടികള്‍ സ്വീകരിക്കണം എന്നും ഹാരിസ് ചിറയ്ക്കൽ

നന്മ നിറഞ്ഞ തീരുമാനം; രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാനുള്ള നടപടിയിൽ മന്ത്രിയെ അഭിനന്ദിച്ച് ഹാരിസ് ചിറക്കൽ
dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് ഡോ. ഹാരിസ് ചിറക്കല്‍. വളരെ നന്മ നിറഞ്ഞ തീരുമാനമെന്നാണ് ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഹാരിസ് ചിറക്കൽ പ്രതികരിച്ചത്. രോഗികളെ കട്ടിലിന്റെ അടിയില്‍ തള്ളുന്നതും വരാന്തയില്‍ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടികള്‍ കൊണ്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥല സൗകര്യം പരിമിതമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ വാര്‍ഡുകള്‍ നിര്‍മിക്കാനോ സ്ഥലമില്ല. മൂന്നു വര്‍ഷങ്ങള്‍ മുമ്പ് 250 ബെഡ്ഡുകള്‍ ഉണ്ടായിരുന്ന ബില്‍ഡിംങ് ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് ഇത്ര തീവ്രമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുലയനാര്‍ കോട്ട ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാര്‍ട്‌മെന്റുകള്‍ തന്നെ വേണമെങ്കില്‍ അങ്ങോട്ട് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി ഇവ മെഡിക്കല്‍ കോളേജുകള്‍ ആക്കി മെച്ചപ്പെടുത്തുന്നത് ഒരുപാട് രോഗികള്‍ക്ക് സഹായകമാകുമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. വളരെ വേഗം മുന്നേറുന്ന ആധുനിക ചികിത്സാരീതികള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നടപടികള്‍ സ്വീകരിക്കണം. തീരുമാനങ്ങള്‍ ഓഫീസുകളിലെ ചുവപ്പുനാടയില്‍ അകപ്പെടരുതെന്നും ഡോ. ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ മെഡിസിന്‍ ഒപി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഒപിയുടെ തുടര്‍ച്ചയായാണ് ഏഴാമത് യൂണിറ്റ് പുലയനാര്‍കോട്ട ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ ഒപിയ്ക്ക് കീഴില്‍ അഡ്മിറ്റായിട്ടുള്ളതും ഗുരുതരമല്ലാത്തതുമായ രോഗികളെ ഇവിടേക്ക് മാറ്റുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. മരുന്ന് നല്‍കി നിരീക്ഷണം ആവശ്യമുള്ളതും വീട്ടിലേക്ക് അയക്കാന്‍ കഴിയാത്തതുമായ ഇത്തരം രോഗികള്‍ക്ക് ആവശ്യമായ പരിചരണവും ഇവിടെ നല്‍കും. 200കിടക്കകളാണ് മെഡിസിന്‍ ഏഴാം യൂണിറ്റിന് കീഴില്‍ സജ്ജമാക്കിയിട്ടപള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Content Highlights: Dr Haris Chirayil has praised the Kerala government's measures to ease overcrowding at Thiruvananthapuram Medical College. In a Facebook post, he commended the initiative aimed at preventing patients from being treated on hospital floors and corridors, calling it a humane and much-needed decision to improve patient care.

dot image
To advertise here,contact us
dot image