വരുമാനം കൂപ്പുകുത്തി; പ്രിയദർശിനിയുടെ വരവോടെ ബ്രേക്കിട്ട് ചീനിക്കാസ്; റീത്ത് വെച്ച് അവസാനഓട്ടം

60 വര്‍ഷത്തിലേറെയായി ഈ റൂട്ടില്‍ പെര്‍മിറ്റ് ഉള്ള ബസ് ആണ് ചീനിക്കാസ്

വരുമാനം കൂപ്പുകുത്തി; പ്രിയദർശിനിയുടെ വരവോടെ ബ്രേക്കിട്ട് ചീനിക്കാസ്; റീത്ത് വെച്ച് അവസാനഓട്ടം
dot image

തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ വരുമാനം പകുതിയായി കുറഞ്ഞെന്ന് ആരോപിച്ച് സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്. ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ചീനിക്കാസ്' ബസ് ആണ് ഓട്ടം അവസാനിപ്പിച്ചത്. പതിനായിരം രൂപയില്‍ നിന്ന് കളക്ഷന്‍ 5,000 രൂപയായി കുറഞ്ഞതിന് പിന്നാലെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.

60 വര്‍ഷത്തിലേറെയായി ഈ റൂട്ടില്‍ പെര്‍മിറ്റ് ഉള്ള ബസ് ആണ് ചീനിക്കാസ്. പ്രിയദര്‍ശിനി ബസ് വന്നതോടെ വരുമാനം കുറയുകയും ജീവനക്കാര്‍ക്ക് കൂലി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യം ഉരുത്തിരിയുകയുമായിരുന്നു. പ്രത്യേക അറിയിപ്പ് എന്ന നിലയില്‍ ബസിന് മുന്നില്‍ സര്‍വ്വീസ് നിര്‍ത്തുകയാണെന്ന് അറിയിച്ച് ഒരു ഫ്‌ളക്‌സും തൂക്കിയിരുന്നു. 'കാനന പാതയില്‍ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാന്‍ വാല്‍പ്പാറ-ചാലക്കുടി റൂട്ടില്‍ ചീനിക്കാസ് ബസ് സര്‍വ്വീസ് ഇനിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലെത്തിയ പ്രസ്ഥാനം പ്രിയദര്‍ശിനിയുടെ വരവോടെ പൂര്‍ണ്ണമായി തകര്‍ച്ചയിലായി. ആരോടും പരിഭവമില്ല, പരാതികളില്ല', എന്നാണ് ഫ്‌ളക്‌സിലെ വരികള്‍.

ഈ റൂട്ടില്‍ രണ്ട് സര്‍വിസുകളാണ് ചീനിക്കാസ് നടത്തിയിരുന്നത്. രാവിലെ 6.45ന് ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെടുന്ന സര്‍വ്വീസും, രാവിലെ 7.15ന് വാല്‍പ്പാറയില്‍ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന സര്‍വ്വീസും. ചാലക്കുടിയില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 12നാണ് വാല്‍പ്പാറയില്‍ എത്തിയിരുന്നത്. തിരികെയുള്ള സര്‍വിസ് ചാലക്കുടിയില്‍ എത്തുന്നത് ഉച്ചക്ക് 1.20നും. നേരത്തേ, ഈ റൂട്ടില്‍ മുമ്പ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സര്‍വിസ് ഉണ്ടായിരുന്നെങ്കിലും ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സര്‍വ്വീസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചീനിക്കാസ് ബസുകള്‍ മാത്രമായി യാത്രക്കാരുടെ പ്രധാന ആശ്രയം. എന്നാല്‍ റീത്ത് വെച്ചാണ് ബസ് ഓട്ടം അവസാനിപ്പിച്ചത്.

Content Highlights: cheenikkas bus stopped service alleging that revenue dropped by half

dot image
To advertise here,contact us
dot image