'അഭയാർത്ഥികളോ പുറത്തുനിർത്തേണ്ടവരോ അല്ല'; DYFI ഇടപെടലിൽ കോറോ ഹെൽത്ത് ജീവനക്കാരെ ഓഫീസിലേക്ക് കയറ്റി

ശുചിമുറിയില്‍ പോകാനുള്ള സൗകര്യം പോലും നല്‍കിയില്ലെന്നും മനുഷ്യത്വരഹിതമായാണ് കമ്പനി ഇടപെടുന്നതെന്നും ഡിവെെഎഫ്ഐ നേതാക്കൾ പറഞ്ഞു

'അഭയാർത്ഥികളോ പുറത്തുനിർത്തേണ്ടവരോ അല്ല'; DYFI ഇടപെടലിൽ കോറോ ഹെൽത്ത് ജീവനക്കാരെ ഓഫീസിലേക്ക് കയറ്റി
dot image

കൊച്ചി: കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തം. മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടല്‍ അംഗീകരിക്കാതെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരെ കമ്പനി അധികൃതര്‍ പുറത്തുനിര്‍ത്തിയതോടെ ഡിവൈഎഫ്‌ഐ ഇടപെട്ട് കമ്പനിക്കകത്തേക്ക് കയറ്റി. ഇവര്‍ പുറത്തുനിര്‍ത്തേണ്ടവരോ അഭയാര്‍ത്ഥികളോ അല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. പ്രസിഡന്റ് വസീഫും സ്ഥലത്തെത്തി.

ജീവനക്കാര്‍ രാവിലെ മുതല്‍ പൊരിവെയിലത്ത് നില്‍ക്കുകയാണ്. പിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയത്. ശുചിമുറിയില്‍ പോകാനുള്ള സൗകര്യം പോലും നല്‍കിയില്ലെന്നും മനുഷ്യത്വരഹിതമായാണ് കമ്പനി ഇടപെടുന്നതെന്നും വി വസീഫ് പറഞ്ഞു. ജീവനക്കാരെ റോഡില്‍ ഇറക്കിയല്ല ചര്‍ച്ച നടത്തേണ്ടത്. മര്യാദകേട് കാണിക്കരുതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

കോറോ ഹെല്‍ത്തിന്റെ കോഴിക്കോട്, കൊച്ചി ഓഫീസുകളിലുമായി എണ്ണൂറോളം ജീവനക്കാരെയായിരുന്നു മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. മുഹമ്മദ് റിയാസ് എംഎല്‍എ ഇന്ന് കോറോ ഹെല്‍ത്തിന്റെ കോഴിക്കോട്ടെ ഓഫീസിലേക്ക് എത്തിയിരുന്നു. തൊഴില്‍ ചട്ടങ്ങളുടെ കടുത്ത ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തൊഴില്‍ മന്ത്രിയെ കണ്ട് വിഷയം സംസാരിക്കും. ജീവനക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് അനുവദിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പിരിച്ചുവിടലിൽ ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ തീരുമാനിച്ച ചര്‍ച്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കമ്പനി പ്രതിനിധികള്‍ ചർച്ചയിൽ ഇല്ല. 10ാം തീയതി മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് കമ്പനി അറിയിച്ചത്. നടപടി മരവിപ്പിച്ച തീരുമാനം നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ ഓഫീസില്‍ എത്താനാണ് ജീവനക്കാരുടെ തീരുമാനം.

Content Highlights: Protests Intensify Over Mass Layoffs at Coro Health, DYFI Intervenes After Employees Denied Entry

dot image
To advertise here,contact us
dot image