തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം

ജൂണ്‍ പതിനഞ്ചിന് ശേഷം യോഗം വിളിക്കാനായിരുന്നു അവസാന യോഗത്തിലെ ധാരണ

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം
dot image

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കാതെ സിപിഐഎം. ജൂണ്‍ പതിനഞ്ചിന് ശേഷം യോഗം വിളിക്കാനായിരുന്നു അവസാന യോഗത്തിലെ ധാരണ. എന്നാല്‍ ഇതുവരെയും യോഗം ചേര്‍ന്നില്ല. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി, പിഎം ശ്രീ, വിഴിഞ്ഞം തുടങ്ങിയ വിഷയങ്ങളില്‍ കൂട്ടായ പ്രക്ഷോഭം വേണമെന്നും ഘടകകക്ഷികള്‍ക്ക് നിലപാടുണ്ട്. സിപിഐഎം ഒറ്റയ്ക്ക് പ്രതികരിക്കുന്ന രീതി മാറ്റണമെന്നും ഘടകകക്ഷികള്‍ അഭിപ്രായപ്പെടുന്നു. അതേസമയം സിപിഐഎം ഉപനേതൃപദവി ആവശ്യപ്പെടുമോ എന്ന ആശങ്കയിലാണ് സിപിഐഎം.

തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് ശേഷം ഒരേ ഒരു തവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. എന്നാല്‍ ആ യോഗം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയതുമില്ല. അന്ന് ചേര്‍ന്ന യോഗത്തില്‍ എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് വിശദമായി പഠിക്കാനായിരുന്നു സിപിഐഎം നിര്‍ദ്ദേശിച്ചത്. ജൂണ്‍ പതിനഞ്ചിന് ശേഷം വീണ്ടും എല്‍ഡിഎഫ് യോഗം ചേര്‍ന്ന് തോല്‍വിക്കുള്ള കാര്യകാരണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും സിപിഐഎം പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും എല്‍ഡിഎഫ് യോഗം വിളിച്ചിട്ടില്ല. സിപിഐഎം നേതൃത്വത്തെ ഘടകകക്ഷികള്‍ ബന്ധപ്പെടുമ്പോള്‍ എപ്പോള്‍ യോഗം വിളിക്കും എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ചികിത്സയിലാണെന്നായിരുന്നു ഒരാഴ്ച മുന്‍പ് വരെ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തിലും ഇപ്പോള്‍ വ്യക്തമായ മറുപടിയില്ലെന്നാണ് വിവരം.

മദ്യ നികുതിയില്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ അത് എല്‍ഡിഎഫ് ആയുധമാക്കണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം. എല്‍ഡിഎഫ് യോഗം വിളിച്ച് മുന്നണിയെന്ന നിലയില്‍ യുഡിഎഫിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ യോഗം വിളിച്ചാല്‍ ഉപ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഘടകകക്ഷികള്‍ക്കിടയില്‍ സിപിഐക്ക് അനുകൂലമായ നിലപാട് ഉയരുമെന്ന് സിപിഐഎമ്മില്‍ ആശങ്കയുണ്ട്. ഉപ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ ഉഭയകക്ഷിയോഗത്തില്‍ തീരുമാനമാകട്ടെയെന്നും അതിന് ശേഷം എല്‍ഡിഎഫ് നേതൃയോഗം വിളിക്കാം എന്നുമാണ് സിപിഐഎം നിലപാടെന്നാണ് വിവരം.

അതേസമയം, എല്‍ഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് എല്‍ഡിഎഫ് കണ്‍വീനറോട് ചോദിക്കണമെന്ന് കെ രാജന്‍ എംഎല്‍എ പറഞ്ഞു. ഉപനേതാവ് പദവി സിപിഐക്ക് വേണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. യോഗം ചേരാത്തതിന് മറ്റുപല കാരണങ്ങള്‍ ഉണ്ടാകാം. മുന്നണിക്ക് ഉപനേതാവ് ഇല്ലാത്തത് നിങ്ങള്‍ക്ക് തോന്നുന്ന പോലെ എഴുതിക്കോ എന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights- The CPIM has not called an LDF meeting to review the alliance's election defeat.

dot image
To advertise here,contact us
dot image