

യുഎഇയില്‍ ചരിത്രം രചിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ യാത്ര തുടരുകയാണ്. ഇതിനോടകം തന്നെ നിരവധി യാത്രക്കാരാണ് ഇത്തിഹാദില്‍ യാത്ര ചെയ്ത് അവരുടെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നത്. ഇത്തിഹാദില്‍ യാത്രക്കാര്‍ക്കൊപ്പം അവരുടെ വളര്‍ത്തുമൃഗങ്ങളെയും കൊണ്ടുപോകും. അതിന് ഇത്തിഹാദ് റെയില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ മതി.

റെയില്‍വേ ഓപ്പറേറ്ററുടെ ബാഗേജും സുരക്ഷാ നിയമങ്ങളും പാലിച്ചാല്‍ വളര്‍ത്തുമൃഗങ്ങളെ ഇത്തിഹാദ് റെയിലില്‍ കൊണ്ടുപോകാവുന്നതാണ്. അംഗീകൃത പെറ്റ് കാരിയറുകളിലാക്കി വളര്‍ത്തുമൃഗങ്ങളെ യാത്രയില്‍ ഒപ്പം ഇരുത്താം. പെറ്റ് കാരിയര്‍ 55 സെമി, 40 സെമി, 23 സെമി എന്നീ അളവില്‍ നിന്നും കൂടാന്‍ പാടില്ല. മാത്രമല്ല, യാത്രയിലുടനീളം വളര്‍ത്തുമൃഗങ്ങളെ ഇരുത്തുന്ന പെറ്റ് കാരിയര്‍ യാത്രക്കാര്‍ക്കൊപ്പം തന്നെ ഉണ്ടായിരിക്കേണ്ടതാണ്.
യാത്രയില്‍ കാരിയറില്‍ നിന്നും വളര്‍ത്തുമൃഗത്തെ തുറന്നുവിടാന്‍ പാടില്ല. യാത്രക്കാരുടെ കൈയ്യില്‍ കൊണ്ടുപോകാന്‍ പറ്റുന്ന ലഗേജിന്റെ ഭാഗമായാണ് പെറ്റ് കാരിയര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പെറ്റ് കാരിയര്‍ കൊണ്ടുപോകുന്ന ഒരാള്‍ക്ക് ക്യാരി-ഓണ്‍ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കില്ല. ഒരു യാത്രക്കാരനോ യാത്രക്കാരിക്കോ ഒരു പെറ്റ് കാരിയര്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. യാത്രയിലുടനീളം വളര്‍ത്തുമൃഗങ്ങള്‍ യാത്രക്കാരുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ട്രെയിനിങ് ലഭിച്ചതും സര്‍ട്ടിഫൈഡുമായ നായകളെയും മുന്‍കൂര്‍ അനുമതിയോടെ കൊണ്ടുപോകാം.
ഇത്തിഹാദ് റെയിലില്‍ കൊണ്ടുപോകാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. ആയുധങ്ങള്‍, സ്‌ഫോടന വസ്തുക്കള്‍, അപകടരമായ വസ്തുക്കള്‍, നിയമവിരുദ്ധ ലഹരി വസ്തുക്കള്‍, ലഹരിപാനീയങ്ങള്‍, ഇലക്ട്രിക് സിഗരറ്റുകള്‍ തുടങ്ങിയവ ഇത്തിഹാദ് റെയിലില്‍ അനുവദനീയമല്ല. അതുപോലെ, സൈക്കിളുകളും സ്‌കൂട്ടറുകളും ഇത്തിഹാദ് റെയിലില്‍ കൊണ്ടുപോകരുത്. ജൂണ്‍ 30നാണ് അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ സര്‍വീസ് ആരംഭിച്ചത്. ഒരു മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കും തിരിച്ചും യാത്ര ചെയ്യാം.
Content Highlights: Etihad rail is introducing a pet-friendly travel option, enabling passengers to bring their pet animals