

ഭക്ഷ്യവിലക്കയറ്റം കുടുംബങ്ങളുടെ വാങ്ങല്‍ ശീലങ്ങളെ കാര്യമായി ബാധിച്ചതായി നെസ്ലേ ഇന്ത്യ ചെയര്‍മാന്‍ മനീഷ് തിവാരി. വിലയുടെ കാര്യത്തില്‍ മാറ്റമില്ലെങ്കിലും വാങ്ങുന്ന പായ്ക്കറ്റുകളുടെ വലിപ്പം, വാങ്ങല്‍ ഇടവേള, മുന്‍ഗണന നല്‍കുന്ന ഉല്‍പ്പന്ന വിഭാഗങ്ങള്‍ എന്നിവയിലും വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മാഗി നൂഡില്‍സ്, കിറ്റ് കാറ്റ് ചോക്ലേറ്റുകള്‍, സെറിലാക്ക് എന്നിവയെല്ലാം കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. മെട്രോ നഗരങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്ന ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. മെട്രോ നഗരങ്ങളെക്കാള്‍ ഉപഭോഗം സെക്കന്ററി നഗരങ്ങളിലാണ്.
2025-26 സാമ്പത്തിക വര്‍ഷം ആവശ്യകതയും, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും, ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും നിറഞ്ഞ വര്‍ഷമായിരുന്നുവെങ്കിലും ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത ശക്തമാണെന്ന് തിവാരി പറഞ്ഞു.
ചില പാദങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. അതിനാല്‍ ചില നിക്ഷേപങ്ങള്‍ ഉടന്‍ ഫലം കാണിക്കില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതിന്റെ സ്വഭാവം അതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനം, എണ്ണ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധനയ്‌ക്കൊപ്പം പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂലമുള്ള വിതരണ തടസ്സങ്ങളും 2026ന്റെ ആദ്യ പകുതിയില്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചു.
ഗ്രാമീണ, അര്‍ധനഗര വിപണികള്‍ക്ക് കൂടുതല്‍ പ്രാധാന്യം
അടുത്ത ഘട്ടത്തിലെ ഉപഭോഗ വളര്‍ച്ച ഗ്രാമീണ മേഖലയിലും അര്‍ധനഗര പ്രദേശങ്ങളിലുമാണെന്ന് നെസ്ലേ ഇന്ത്യ വിലയിരുത്തുന്നു. വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിച്ച് വില്‍പ്പനാ അളവ് കൂട്ടുന്ന തന്ത്രത്തിലാണ് കമ്പനി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനി ഏകദേശം 2,000 കോടി രൂപ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.
2026 സാമ്പത്തിക വര്‍ഷത്തില്‍ നെസ്ലേ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 23,071.5 കോടി രൂപയായി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 15 ശതമാനം വളര്‍ച്ചയാണ്. ഇരട്ട അക്ക വളര്‍ച്ചയും വിപണി വിഹിതത്തിലെ വര്‍ധനവുമാണ് ഇതിന് പ്രധാന കാരണം. ഇന്ന് ഇന്ത്യയാണ് മാഗി നൂഡില്‍സിന്റെയും കിറ്റ്കാറ്റ് ചോക്ലേറ്റുകളുടെയും ലോകത്തിലെ ഏറ്റവും വലിയ വിപണി.
ചെലവ് നിയന്ത്രണത്തിലൂടെ ലഭിക്കുന്ന ലാഭം കമ്പനി പരസ്യത്തിനും ഡിജിറ്റല്‍ മാര്‍ക്കറ്റിങിനും വീണ്ടും നിക്ഷേപിക്കുമെന്ന് തിവാരി അറിയിച്ചു. ഇതിലൂടെ ബ്രാന്‍ഡുകളുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ലക്ഷ്യം.
Content Highlights: Nestlé India says food inflation has significantly changed consumer buying habits, with stronger demand emerging from tier-2 and tier-3 cities, positioning these markets as key drivers of the company's long-term growth strategy