

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍ ഉള്‍പ്പടെ ആറ് അംഗങ്ങളെയാണ് സിന്‍ഡിക്കേറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. നിലവിലെ സിന്‍ഡിക്കേറ്റിലുള്ള ഇടത് അംഗങ്ങളെ മാറ്റിയാണ് സര്‍ക്കാരിന്റെ പുനഃസംഘടന ഉത്തരവ്.
ഇടത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചയാളാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍. ഡോ. സിബി സി ബാബു, ഡോ. നൗഷാദ് വി, ഡോ. കെ അനില്‍ കുമാര്‍, ഡോ. എസ് പ്രേമ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ ഇടത് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറംഗങ്ങളെ പിന്‍വലിച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ മര്‍ദ്ദനമേറ്റ രണ്ടാമത്തെയാളാണ് അജയ് ജുവല്‍ കുര്യാക്കോസ്.
നിലവിലെ സിന്‍ഡിക്കേറ്റിലുള്ള ഇടത് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ഷിജൂഖാന്‍, മുന്‍ എം എല്‍ എ ആര്‍ രാജേഷ്, ഡോ. എസ്. ജയന്‍, പ്രൊഫ. പി എസ് രാധാമണി, പ്രൊഫ. ബിപിന്‍ കെ ജോസ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍. ഇതോടുകൂടി സിന്‍ഡിക്കേറ്റില്‍ എല്‍ഡിഎഫിന് ഉണ്ടായിരുന്ന ഭൂരിപക്ഷം കുറയുകയും യുഡിഎഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. നിലവില്‍ തുടരുന്ന ബാക്കി അംഗങ്ങള്‍ സിന്‍ഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അവര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായിതന്നെ തുടരും. സര്‍ക്കാരിന്റെ ഉത്തരവില്‍ കടുത്ത അതൃപ്തിയിലാണ് ഇടത് അംഗങ്ങള്‍.
അതിനിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ആര്‍ എസ് ശശികുമാറിന്റെ നാമനിര്‍ദ്ദേശത്തില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐ രംഗത്തെത്തി. സേവ് യൂണിവേഴ്‌സിറ്റി ഫോറം ആട്ടിന്‍തോലിട്ട മാരീചനാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ശശികുമാര്‍ സിന്‍ഡിക്കേറ്റിലെത്തിയത് ഗവര്‍ണറുടെ താല്‍പര്യത്തിലാണ് എന്നാണ് എസ്എഫ്‌ഐയുടെ വിമര്‍ശനം. സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെ എസ്എഫ്‌ഐ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സര്‍വ്വകലാശാലയെ നശിപ്പിക്കാന്‍ ശ്രമിച്ച ബുദ്ധി കേന്ദ്രമാണ് ശശികുമാര്‍ എന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ശശികുമാര്‍ ഗവര്‍ണര്‍ മോഹനന്‍ കുന്നുമ്മല്‍ ത്രയം ആണ് സര്‍വ്വകലാശാലയിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും ശശികുമാറിന്റെ അംഗത്വം വി ഡി സതീശന്റെ പ്രത്യുപകാരമാണെന്നും എം ശിവപ്രസാദ് വിമര്‍ശിച്ചു.
Content Highlight : Kerala University Syndicate Reconstituted; R S Sasikumar Appointed